തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്താനും ഒന്നിക്കണം –സൂഫിഫോറം

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്താനും യോജിച്ച് പോരാടണമെന്ന് ലോക സൂഫിഫോറം ആവശ്യപ്പെട്ടു. ഈ രണ്ടു രാജ്യങ്ങളും പരസ്പരം യുദ്ധം ചെയ്യാനുപയോഗിക്കുന്ന പണം തീവ്രവാദത്തെ നേരിടാന്‍ യോജിച്ച് ഉപയോഗിക്കുകയാണ് വേണ്ടതെന്ന നിര്‍ദേശവും സൂഫിഫോറം മുന്നോട്ടുവെച്ചു. എല്ലാതരത്തിലുള്ള തീവ്രവാദ സംഘടനകളില്‍നിന്നും മുസ്ലിംകള്‍ വിട്ടുനില്‍ക്കണമെന്ന പ്രഖ്യാപനത്തോടെ നാലു ദിവസം നീണ്ട ലോക സൂഫിഫോറം സമാപിച്ചു.

ഇന്ത്യയും പാകിസ്താനും നാലു യുദ്ധങ്ങള്‍ നടത്തിയിട്ടും രണ്ടിലൊരു രാജ്യവും ഇല്ലാതായിട്ടില്ളെന്ന് സൂഫിഫോറത്തിന്‍െറ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പാകിസ്താന്‍ കേന്ദ്രമായ ‘മിന്‍ഹാജുല്‍ ഖാദിരി’ നേതാവ് ഡോ. താഹിറുല്‍ ഖാദിരി ഓര്‍മിപ്പിച്ചു. എന്തുചെയ്താലും ഇന്ത്യയും പാകിസ്താനും ഇല്ലാതാകാന്‍ പോകുന്നില്ല. അതിനാല്‍ ദൈവത്തെയോര്‍ത്ത് ഈ ശത്രുത അവസാനിപ്പിക്കണം. പാകിസ്താന്‍ ശത്രുവല്ളെന്ന് ഇന്ത്യയും ഇന്ത്യ ശത്രുവല്ളെന്ന് പാകിസ്താനും തിരിച്ചറിയണം. ഇന്ത്യയുടെയും പാകിസ്താന്‍െറയും ശത്രു ഒന്നാണ്. അത് തീവ്രവാദവും ഭീകരതയുമാണ്. അതിനാല്‍ രാജ്യത്തിന്‍െറ പ്രതിരോധത്തിന് ബജറ്റില്‍ വകയിരുത്തുന്ന കോടികള്‍ ഇന്ത്യയും പാകിസ്താനും തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ ഉപയോഗിക്കണം. ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഉപയോഗിക്കണം.

ദാരിദ്യം ഇല്ലാതായാല്‍ ഭീകരതക്ക് പിന്തുണ ലഭിക്കില്ല. അല്‍ഖാഇദ പോയപ്പോള്‍ ഐ.എസ് വന്നു. ഇനി ഐ.എസ് പോയാല്‍ പുതിയൊരു പേരില്‍ വരും. ഇതിനെ നേരിടാന്‍ സൂഫികളുടെ അധ്യാപനങ്ങള്‍ കരിക്കുലത്തിലൂടെയും സ്കൂളുകളിലൂടെയും പ്രചരിപ്പിക്കണമെന്നും ഖാദിരി പറഞ്ഞു. സൂഫിസത്തിന്‍െറ സ്നേഹസന്ദേശം മാത്രമല്ല, ഭീകരതക്കെതിരായ യുദ്ധപ്രഖ്യാപനം കൂടിയാണ് ലോക സൂഫിഫോറമെന്ന് മുഫ്തി അഅ്സം സമര്‍ ദഹ്ലവി പറഞ്ഞു. ഭീകരതക്കെതിരായ യുദ്ധത്തിനുള്ള ആയുധം നമുക്ക് സര്‍ഹിന്ദിയില്‍നിന്നും മുഈനുദ്ദീനില്‍നിന്നും ഖുത്ബുദ്ദീനില്‍നിന്നും ബറേല്‍വിയില്‍നിന്നും ശാഹ് വലിയുല്ലാറഹിയില്‍നിന്നുമാണ് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരതക്കെതിരെ ജിഹാദും യുദ്ധവും നയിക്കേണ്ട ആവശ്യമില്ളെന്നും സൂഫികളുടെ അധ്യാപനങ്ങള്‍ പഠിപ്പിച്ചാല്‍ മതിയെന്നും ലോക സൂഫിഫോറത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സൂഫികളെല്ലാം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരാണ് എന്നുപറഞ്ഞ് പലരും എതിര്‍ക്കുന്നുണ്ട്. പ്രവാചകനും സഹാബികളും പഠിപ്പിച്ച ശരീഅത്ത് ആണ് സൂഫികള്‍ അനുവര്‍ത്തിക്കുന്നത്.

പ്രവാചകന്‍െറ മുഅ്ജിസത്തിലൂടെയും സഹാബികളുടെ കറാമത്തുകളിലൂടെയും ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി, ഖുത്ബുദ്ദീന്‍ ബക്തിയാരി കാകി ദഹ്ലവി, ഹസ്രത്ത് നിസാമുദ്ദീന്‍ തുടങ്ങിയ സൂഫികളിലൂടെയും ശൈഖുമാരിലൂടെയും നമുക്കുലഭിച്ച ദീനാണ് ഇസ്ലാമെന്നും അതിനാല്‍ സുഫിസം അന്ധവിശ്വാസമല്ളെന്നും കാന്തപുരം പറഞ്ഞു. സദസ്സിന്‍െറ ആദരവ് മാനിച്ചാണ് താന്‍ വളരെദൂരെ കേരളത്തില്‍നിന്ന് ലോക സൂഫിഫോറത്തിന് വന്നതെന്നും കാന്തപുരം പറഞ്ഞു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.