ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സംഭവവികാസങ്ങളില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ഇടപെട്ട കമീഷന്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും കുടിവെള്ളവുമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിച്ച നടപടി അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചു. പൊലീസും സര്‍വകലാശാല അധികൃതരും സ്വീകരിച്ച നിലപാട് ആശങ്കജനകമാണ്.
തെലങ്കാന ചീഫ് സെക്രട്ടറി, ഹൈദരാബാദ് പൊലീസ് കമീഷണര്‍ എന്നിവരോടും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റു ചെയ്ത കാമ്പസിലെ കനത്ത പൊലീസ് സാന്നിധ്യവും അധികൃതരുടെ നടപടികളും വിദ്യാര്‍ഥികളെ കടുത്ത ഭീതിദാവസ്ഥയിലേക്ക് തള്ളിയിട്ടതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കമീഷന്‍ ഇടപെടല്‍. സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന പ്രകാരം നിരവധി പേര്‍ കമീഷന് ഇ-മെയിലില്‍ പരാതി അയച്ചിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് രാമനാഗയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ കമീഷന്‍ ആസ്ഥാനത്ത് സംഘടിത നിവേദനം നല്‍കാനും തീരുമാനിച്ചിരുന്നു.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സര്‍വകലാശാല വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. കൃത്യമായ ദലിത് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ അടിയന്തരമായി പദവിയില്‍നിന്ന് നീക്കണമെന്നും വിദ്യാര്‍ഥി-അധ്യാപക സമൂഹത്തിന്‍െറ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട യെച്ചൂരി എച്ച്.ആര്‍.ഡി മന്ത്രാലയത്തെ ഹിന്ദുരാഷ്ട്ര വികസന മന്ത്രാലയം ആവുന്നതില്‍നിന്നു തടയണമെന്നും അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.