ഇശ്റത് ജഹാനെ നേരിട്ട് അറിയില്ളെന്ന് ഹെഡ്​ലി

മുംബൈ: ലശ്കറെ ത്വയ്യിബ അലക്ഷ്യമായി നടത്തിയ ഓപറേഷന്‍െറ ഭാഗമായിരുന്നു ഇശ്റത് ജഹാനെന്ന് മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കാള്‍മാന്‍ ഹെഡ്ലി. എന്നാല്‍, ആ ഓപറേഷനെക്കുറിച്ചും ഇശ്റത് ജഹാനെയും നേരിട്ട് അറിയില്ളെന്നും ഹെഡ്ലി  മൊഴി നല്‍കി. നേരത്തേ അമേരിക്കയില്‍ എത്തി ചോദ്യംചെയ്ത എന്‍.ഐ.എ ഉദ്യോഗസ്ഥരോട് ഇശ്റത് ജഹാനെക്കുറിച്ചും മറ്റും മൊഴി നല്‍കിയെങ്കിലും പറഞ്ഞപടിയല്ല അവര്‍ മൊഴി രേഖപ്പെടുത്തിയത്. മൊഴി തന്നെ വായിച്ചുകേള്‍പ്പിച്ചില്ല. എന്‍.ഐ.എക്ക് നല്‍കിയ  മൊഴി ഇപ്പോഴും ഓര്‍മയുണ്ട്. പത്ര വാര്‍ത്തകളിലൂടെയും ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ സകിയുര്‍റഹ്മാന്‍ ലഖ്വിയില്‍നിന്നുമാണ് ഇശ്റത് ജഹാന്‍ കൊല്ലപ്പെട്ട ‘വിലക്ഷണമായ ഓപറേഷനെ’ക്കുറിച്ച് അറിഞ്ഞതെന്നും ഹെഡ്ലി മൊഴി നല്‍കി. വിലക്ഷണമായ ഓപറേഷന്‍ എന്നത് തന്‍െറ കണക്കുകൂട്ടല്‍ മാത്രമാണെന്നും ഹെഡ്ലി വ്യക്തമാക്കി.
വിഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി ജി.എ. സനപിന് മുമ്പാകെ ഹാജറായ ഹെഡ്ലിയെ പ്രതിഭാഗം അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് ഖാനാണ് ക്രോസ് വിസ്താരം നടത്തുന്നത്.
ഇശ്റത് ജഹാന്‍ ലശ്കറെ ത്വയ്യിബയുടെ ഭാഗമാണെന്ന് പറഞ്ഞ ഹെഡ്ലി, ലശ്കറിന് വനിതാ ചാവേറുകളുണ്ടെന്ന് എന്‍.ഐ.എയോട് പറഞ്ഞിട്ടില്ളെന്ന് വ്യക്തമാക്കി. ലശ്കറിന് വനിതാ വിങ്ങുണ്ടെന്നാണ് പറഞ്ഞത്. വിധവകള്‍ക്കായും സ്ത്രീ വിദ്യാഭ്യാസം, ആരോഗ്യം, മതപഠനം, സാമൂഹിക സേവനം എന്നിവക്കുമായാണ് വനിതാ വിങ് നടത്തുന്നത്. കശ്മീരിലടക്കം ഇന്ത്യയില്‍ ആക്രമണം നടത്തുകയല്ല അവരുടെ ദൗത്യമെന്നും ഹെഡ്ലി പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഇന്ത്യയും ഇസ്ലാമിന്‍െറ ശത്രുക്കളാണെന്നായിരുന്നു തന്‍െറ വിശ്വാസം. എന്നാല്‍, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ബുധനാഴ്ച തുടങ്ങിയ ക്രോസ്വിസ്താരം ശനിയാഴ്ച അവസാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.