ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ഹുര്‍റിയത് നേതാക്കള്‍ പാകിസ്താന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ പാടില്ളെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ തിരുത്തി. ഇന്ത്യ-പാക് സംഭാഷണം മുടങ്ങുന്നതിലേക്കുവരെ വഴിവെച്ച നിലപാട് പാര്‍ലമെന്‍റിന് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ തിരുത്തിയത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗവും കശ്മീരി നേതാക്കളെന്നു പറയുന്നവര്‍ ഇന്ത്യന്‍ പൗരന്മാരുമാണെന്നിരിക്കേ, അവര്‍ ഇന്ത്യയില്‍ വെച്ച് ഏതെങ്കിലും രാജ്യത്തിന്‍െറ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വിലക്കില്ളെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പാര്‍ലമെന്‍റിന് എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യ-പാക് സംഭാഷണ പ്രക്രിയയില്‍ മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിലുള്ള അതൃപ്തി പാകിസ്താനെ പലവട്ടം അറിയിച്ചിട്ടുള്ളതാണെന്നും വി.കെ. സിങ് വിശദീകരിച്ചു.
പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് ഹുര്‍റിയത് നേതാവ് ഷബീര്‍ ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്‍െറ പേരില്‍ 2014 ആഗസ്റ്റില്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയിരുന്നു. ഒന്നുകില്‍ സര്‍ക്കാറിനോട് സംസാരിക്കുക, അതല്ളെങ്കില്‍ കശ്മീര്‍ വിമതരോട് സംസാരിക്കുക -അതു മാത്രമാണ് നടപ്പുള്ള കാര്യമെന്ന് പാകിസ്താനെ അറിയിച്ചതായി അന്ന് വിദേശകാര്യ വക്താവ് വിശദീകരിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം 2015 ആഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച പാകിസ്താന്‍ റദ്ദാക്കി. പാകിസ്താന്‍െറ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഹുര്‍റിയത് നേതാക്കുമായി കൂടിക്കാഴ്ച അനുവദിക്കില്ളെന്ന കേന്ദ്ര നിലപാടിനെ തുടര്‍ന്നായിരുന്നു ഇത്.
നിലപാടിലെ പിഴവ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജമ്മു-കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇത്തരം നിയന്ത്രണ രേഖകള്‍ നടപ്പുള്ള കാര്യമല്ളെന്ന് കേന്ദ്രസര്‍ക്കാറിന് ബോധ്യപ്പെട്ടുവെന്ന് ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.