കുടിശ്ശികക്കാരനെന്ന് മുദ്രകുത്തുംമുമ്പ് യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കണമെന്നു മല്യ


ന്യൂഡല്‍ഹി: തന്നെ കുടിശ്ശികക്കാരനെന്ന് മുദ്രകുത്തുംമുമ്പ് മാധ്യമങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കണമെന്നു വിവാദ മദ്യ വ്യവസായി വിജയ് മല്യ. മാധ്യമങ്ങള്‍ പറയും പോലെ ധിക്കാരത്തോടെയല്ല, എല്ലാ വിനയത്തോടുംകൂടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. 6868 കോടി തിരിച്ചടക്കാമെന്ന് ഒത്തുതീര്‍പ്പ് വാഗ്ദാനം താന്‍ മുന്നോട്ടുവെച്ചിട്ടും എങ്ങനെയാണ് താന്‍ കുടിശ്ശികക്കാരനാവുന്നതെന്ന് അദ്ദേഹം ചോദിച്ചു. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ബാങ്കുകള്‍ക്ക് പണം നല്‍കാനുണ്ട്. എന്നാല്‍, താന്‍ ആരോടും വായ്പ വാങ്ങിയിട്ടില്ല. ഒരു കോടതി വിധിയും ഇക്കാര്യത്തില്‍ തനിക്കെതിരെയില്ളെന്നും അദ്ദേഹം പറഞ്ഞു. ഇടപാടുകള്‍ ഒത്തുതീര്‍പ്പിലത്തെിക്കാന്‍ തയാറായിരുന്നിട്ടും തന്നെ വായ്പ തിരിച്ചടവില്‍ ബോധപൂര്‍വം വീഴ്ച വരുത്തുന്നവനായി മുദ്രകുത്തുന്നതിലുള്ള നിരാശയും മല്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സില്‍ 6000 കോടി രൂപയോളമാണ് തങ്ങള്‍ നിക്ഷേപിച്ചത്. എയര്‍ലൈനിന്‍െറ രക്ഷക്കായി സാധ്യമായതെല്ലാം ചെയ്തിരുന്നു. ദൗര്‍ഭാഗ്യകരമായ സാമ്പത്തിക സ്ഥിതിവിശേഷങ്ങളും സര്‍ക്കാര്‍ നയങ്ങളും കാരണമാണ് എയര്‍ലൈന്‍സിനെ രക്ഷപ്പെടുത്താനാവാതെ പോയതെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. 9000 കോടി രൂപയോളം ബാങ്കുകള്‍ക്ക് നല്‍കാനുള്ള മല്യ കടം തിരിച്ചടക്കാതെ രാജ്യംവിട്ട സാഹചര്യത്തില്‍ പാര്‍ലമെന്‍റില്‍നിന്ന് പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എം.പി സ്ഥാനം രാജിവെച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.