ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരനും പിടികിട്ടാപ്പുള്ളിയുമായ ക്രിസ്റ്റ്യന്‍ മൈക്കിളുമായി ഏതാനും യു.എ.ഇ കമ്പനികള്‍ക്കുള്ള ബന്ധം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. കൈക്കൂലി ഇന്ത്യയില്‍ എത്തിച്ചു എന്നു സംശയിക്കുന്ന ക്രിസ്റ്റ്യന്‍ മൈക്കിളിന്‍െറ ദുബൈ കേന്ദ്രമായ ഗ്ളോബല്‍ സര്‍വിസസ് എന്ന സ്ഥാപനവുമായി പണ ഇടപാടുകളുള്ള ആറോളം കമ്പനികളാണ് നിരീക്ഷണത്തിലുള്ളത്.
ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യനുമായി ഈ കമ്പനികള്‍ക്കുള്ള ബന്ധം സംബന്ധിച്ച് യു.എ.ഇ ഏജന്‍സികളോട് വിവരം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ക്രിസ്റ്റ്യന്‍ മൈക്കിളിന്‍െറ വിലാസം: 50, കാര്‍ലൈല്‍ കോര്‍ട്ട്, ലണ്ടന്‍ എന്നാണുള്ളത്. 12 വി.വി.ഐ.പി ഹെലികോപ്ടറുകളുടെ ഇന്ത്യയിലെ വില്‍പനക്ക് ഉപദേശവും സഹായവും നല്‍കുന്നതിന് 2010 മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ അഗസ്റ്റ വെസ്റ്റ്ലന്‍ഡുമായി ആദ്യം ധാരണയുണ്ടാക്കിയത്. 4.20 കോടി യൂറോ (319 കോടി രൂപ) ആയിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് ഇത് മൂന്നു കോടി യൂറോയായി (228 കോടി രൂപ) കുറച്ചു. പവന്‍ഹന്‍സിന്‍െറ കൈവശമുള്ള 14 പഴയ വെസ്റ്റ്ലന്‍ഡ് കോപ്ടറുകള്‍ വാങ്ങുന്നതിന് സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് 2010 മേയില്‍ ഗ്ളോബല്‍ സര്‍വിസസ് മറ്റൊരു ദുബൈ കമ്പനിയുമായും കരാര്‍ ഒപ്പിട്ടിരുന്നു. മുംബൈയിലെ പവന്‍ഹന്‍സ് കേന്ദ്രത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്നവര്‍ക്കുവേണ്ടിയായിരുന്നു ഇത്. ഈ രണ്ട് കരാറുകളുടെ രൂപത്തിലാണ് അഴിമതി പണം ഇന്ത്യയിലത്തെിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. യു.കെയിലെ മറ്റൊരു സ്ഥാപനത്തിനും അവരുടെ ഉസ്ബകിസ്താനിലെ ഉപസ്ഥാപനത്തിനും ഇക്കാര്യത്തിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ദുബൈയിലെ ജബല്‍ അലി ഫ്രീസോണിലുള്ള എസ്.എം ഹോള്‍ഡിങ്സിന്‍െറ ശിവാനി സക്സേന, അവരുടെ ഭര്‍ത്താവ് എന്നിവരോ അവരുടെ സ്ഥാപനമോ ഗ്ളോബല്‍ സര്‍വിസസില്‍നിന്നോ മൈക്കിളിന്‍െറ തന്നെ ഗ്ളോബല്‍ ട്രേഡ് ആന്‍ഡ് കോമേഴ്സില്‍നിന്നോ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തിനാണ് എന്നുമാണ് യു.എ.ഇ അധികൃതരോട് തേടിയിരിക്കുന്ന മറ്റൊരു വിവരം. സവോയര്‍ ഫെയര്‍ കണ്‍സള്‍ട്ടന്‍റ്സ്, ഗള്‍ഫ്ബെല്‍ ജനറല്‍ ട്രേഡിങ്, ഇന്‍വെന്‍റ, സിനാന്‍കോ എന്നിവയാണ് വിവരം തേടിയിട്ടുള്ള മറ്റു കമ്പനികള്‍. 2007നും 2012നുമിടയില്‍ മൈക്കിളിന്‍െറ സ്ഥാപനങ്ങളുമായി ഇവക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലന്‍ഡില്‍നിന്ന് ഗ്ളോബല്‍ സര്‍വിസസിന് പണം കിട്ടിയ ലോയിഡ്സ് ടി.എസ്.ബി ബാങ്കിലെ അക്കൗണ്ടിനെക്കുറിച്ചും വിവരം തേടിയിട്ടുണ്ട്. 2005ല്‍ ഡല്‍ഹി കേന്ദ്രമായി മീഡിയ എക്സിം എന്നൊരു വ്യാജ കമ്പനിയും മൈക്കിള്‍ തുടങ്ങിയിരുന്നു. സംഗീത സീഡികളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്നതിന് എന്ന പേരില്‍ ഈ സ്ഥാപനത്തിലേക്ക് ഏഴുകോടി രൂപയോളം കൈമാറിയിരുന്നു. അന്വേഷണം തുടങ്ങിയതോടെ ഇതിന്‍െറ വസ്തുവകകള്‍ വിറ്റ് ആറുകോടി രൂപയോളം തിരിച്ച് ദുബൈക്ക് അയച്ചിരുന്നു.
അതിനിടെ, ചൊവ്വാഴ്ചയും വ്യോമസേന മുന്‍ തലവന്‍ എസ്.പി. ത്യാഗിയെ സി.ബി.ഐ ചോദ്യംചെയ്തു. തുടര്‍ച്ചയായി 10 മണിക്കൂറാണ് ചോദ്യംചെയ്തത്. പറയാനുള്ളതെല്ലാം സി.ബി.ഐയോടു പറഞ്ഞിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നുമായിരുന്നു പുറത്തുവന്ന അദ്ദേഹത്തിന്‍െറ പ്രതികരണം. ഇദ്ദേഹത്തിന്‍െറ ബന്ധുക്കളായ സന്ദീപ്, സഞ്ജീവ്, രാജീവ് ത്യാഗി എന്നിവരെയും വൈകാതെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.