ഡീസല്‍ ടാക്സി ഡ്രൈവര്‍മാരുടെ ഉപരോധം: ഡല്‍ഹിയില്‍ രണ്ടാംദിവസവും ഗതാഗതക്കുരുക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഡീസല്‍ ടാക്സി ഡ്രൈവര്‍മാര്‍ തീര്‍ത്ത ഉപരോധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയും തലസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. ഡീസല്‍ ടാക്സികള്‍ നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് മൂന്ന് പ്രധാന ഹൈവേകളില്‍ ഡ്രൈവര്‍മാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത്.

മഹിപാല്‍പൂര്‍, ദൗളകുവാ, നോയിഡ-ഡല്‍ഹി ഹൈവേ എന്നിവിടങ്ങളിലെ സമരം മൂലം അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളും വിമാനത്താവള യാത്രക്കാരും വഴിയില്‍ കുടുങ്ങി. കിലോമീറ്ററുകള്‍ നീളത്തില്‍ വാഹനക്കുരുക്ക് നീണ്ടതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ട്രാഫിക് പൊലീസ് സംഘങ്ങളത്തെി. ബലം പ്രയോഗിക്കാതെ സമരക്കാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് സ്വീകരിച്ചതെന്ന് ജോയന്‍റ് പൊലീസ് കമീഷണര്‍ ശരദ് അഗര്‍വാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വിഷമം സൃഷ്ടിക്കാന്‍ മാത്രമേ ഈ പ്രതിഷേധം ഉപകരിക്കൂ എന്നും കോടതിവിധിയുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാറിനെ ധരിപ്പിക്കണമെന്നും ബോധവത്കരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയെന്നും മൂന്നു മണിക്കൂറിനകം കുരുക്ക് പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചിലയിടങ്ങളില്‍ സമരക്കാരെ പിടിച്ചുമാറ്റിയെങ്കിലും അറസ്റ്റു ചെയ്തില്ല.ഡീസല്‍ ടാക്സികള്‍ ഏപ്രില്‍ 30നകം സി.എന്‍.ജി ഇന്ധനത്തിലോടുന്ന രീതിയിലേക്ക് മാറ്റാനാണ് സുപ്രീംകോടതി സമയം നല്‍കിയിരുന്നത്. ഇത് ദീര്‍ഘിപ്പിക്കണമെന്ന ഹരജി കോടതി തള്ളുകയായിരുന്നു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000 ടാക്സികളില്‍ 27,000 എണ്ണം ഡീസലില്‍ ഓടുന്നവയാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവിതമാര്‍ഗം അനിശ്ചിതാവസ്ഥയിലാണ്. ഡീസല്‍ ടാക്സി നിരോധിച്ച വിധി പുന$പരിശോധിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.