മാലേഗാവ് സ്ഫോടനം: സാക്ഷികള്‍ മൊഴിമാറ്റി

മുംബൈ: സന്യാസിമാരും സൈനികരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടന കേസിലെ സാക്ഷികള്‍ മൊഴിമാറ്റി. കേസില്‍ അറസ്റ്റിലായ സന്യാസിമാരായ ദയാനന്ദ് പാണ്ഡെ, പ്രജ്ഞാ സിങ് ഠാകുര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, സമീര്‍ കുല്‍കര്‍ണി എന്നിവര്‍ സ്ഫോടന ഗൂഢാലോചന നടത്തിയതിന് സാക്ഷികളായ രണ്ട് പേരാണ് മൊഴി മാറ്റിയത്. മുംബൈ കോടതിയില്‍ മുമ്പ് നല്‍കിയ മൊഴി കാണാതായതിനെ തുടര്‍ന്ന്, ദിവസങ്ങള്‍ക്കുമുമ്പ് ഡല്‍ഹി കോടതിയിലാണ്  മൊഴി തിരുത്തി നല്‍കിയത്.
ഒരു മാസം മുമ്പ് സാക്ഷിമൊഴികള്‍ കാണാതായതായി എന്‍.ഐ.ഐ കോടതിയെ അറിയിച്ചിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസായിരുന്നു ആദ്യം കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും. 2008 ജനുവരി 25 ന് ഫരീദാബാദിലെ ക്ഷേത്രത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് സാക്ഷിയായെന്നായിരുന്നു ഒരാളുടെ സാക്ഷിമൊഴി. രഹസ്യ യോഗം നടക്കുന്നതിനിടെ  പ്രതികള്‍ക്ക് ചായ നല്‍കുമ്പോള്‍ കേട്ട ചര്‍ച്ചകളായിരുന്നു മൊഴിയില്‍.

പിന്നീട് അതേവര്‍ഷം ഏപ്രിലില്‍ ഭോപാലിലെ ക്ഷേത്രത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചായിരുന്നു മറ്റൊരു സാക്ഷി മൊഴി. അഭിനവ് ഭാരതിനെക്കുറിച്ചും മുസ്ലിംകള്‍ക്കുനേരെ പ്രതികാരം ചെയ്യാന്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവില്‍ സ്ഫോടനം നടത്തുന്നതിനെക്കുറിച്ചും കേണല്‍ പുരോഹിത് പറയുന്നത് കേട്ടെന്നും മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. സ്ഫോടനം നടത്താനുള്ള ആളുകളെ ഏര്‍പ്പെടുത്താമെന്ന് പ്രജ്ഞാസിങ് ഠാകുര്‍ പറഞ്ഞു. ഹിന്ദു രാഷ്ട്ര നിര്‍മിതി, സമാന്തര സര്‍ക്കാര്‍ എന്നിങ്ങനെയും ചര്‍ച്ച നടന്നെന്നും ആദ്യ മൊഴിയിലുണ്ടായിരുന്നു.
മുംബൈ ഭീകരാക്രമണത്തിനു ശേഷം മാലേഗാവ് സ്ഫോടന കേസ് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. എന്നാല്‍, ദയാനന്ദ് പാണ്ഡെയെ മുമ്പ് അറിയുമായിരുന്നില്ളെന്ന് അറസ്റ്റിലായ ശേഷം പത്രങ്ങളിലൂടെയാണ് കാണുന്നതെന്നുമാണ് ഇപ്പോള്‍ സാക്ഷി മൊഴി നല്‍കിയത്. എ.ടി.എസിന്‍െറ സമ്മര്‍ദം മൂലമാണ് അന്ന് ഗൂഢാലോചനക്ക് സാക്ഷിയായതായി പറഞ്ഞതെന്നും ഇവര്‍ പറയുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമായാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തിനു ശേഷം കേന്ദ്രത്തിന്‍െറ സന്ദേശവുമായി എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ വന്നു കണ്ടെന്ന് 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. പ്രതികള്‍ക്കെതിരെ മൃദു സമീപനം കൈക്കൊള്ളണമെന്ന സന്ദേശമായിരുന്നു എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വഴി സര്‍ക്കാര്‍ നല്‍കിയതെന്നാണ് സാലിയാന്‍െറ വെളിപ്പെടുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.