മോദിയുടെ ബിരുദരേഖകള്‍ വ്യാജമല്ലെന്ന് ഡല്‍ഹി സർവകലാശാല

 

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തില്‍ ഒടുവില്‍ ഡല്‍ഹി സര്‍വകലാശാല മൗനം വെടിഞ്ഞു.  ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചേര്‍ന്ന് പ്രധാനമന്ത്രിയുടെതെന്ന പേരില്‍ രേഖകള്‍ പുറത്തുവിട്ട് ഒരു ദിവസത്തിനു ശേഷമാണ് അവയുടെ ആധികാരികത സ്ഥിരീകരിച്ചത്. ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷിന്‍െറ നേതൃത്വത്തിലെ പ്രതിനിധി സംഘം സര്‍വകലാശാലയിലത്തെി രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ചെന്നും 1978ല്‍ പരീക്ഷ എഴുതിയ മോദിക്ക് അടുത്ത വര്‍ഷം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി വാഴ്സിറ്റി രജിസ്ട്രാര്‍ തരുണ്‍ ദാസ് ആണ് അറിയിച്ചത്.  

വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ കാണണമെന്ന് ആപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തിരക്കിലാണെന്നും അടുത്ത ദിവസം എത്താനുമാണ് നിര്‍ദേശം ലഭിച്ചത്. മോദിയുടെ ബിരുദ രേഖകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകള്‍ നിരന്തരം തിരസ്കരിച്ചിരുന്ന സര്‍വകലാശാല നിലപാട് ഏറെ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. മോദിക്ക് ബിരുദമില്ലാത്തതു കൊണ്ടാണ് സര്‍വകലാശാല ഉത്തരം നല്‍കാന്‍ കൂട്ടാക്കാത്തതെന്ന് വിഷയം ഉന്നയിച്ചിരുന്ന ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി പുറത്തുവിട്ട രേഖകളില്‍ പേരിലും മാര്‍ക്കിലും വര്‍ഷത്തിലും ഉള്‍പ്പെടെ ഒട്ടേറെ വ്യത്യാസങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വാദം. എന്നാല്‍ അവ സാധാരണ പിഴവുകള്‍ മാത്രമാണെന്നും നരേന്ദ്ര ദാമോദര്‍ദാസ് മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തയാളാണെന്നും സര്‍വകലാശാല വ്യക്തമാക്കുന്നു.

പേരിന്‍െറ അക്ഷരങ്ങളില്‍ ഇടക്ക് ഇത്തരം തെറ്റുകള്‍ വരാറുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നുമാണ് വാഴ്സിറ്റി നല്‍കിയ മറുപടി. 78ല്‍ പഠനം പൂര്‍ത്തിയാക്കിയ ആള്‍ക്ക് എന്തു കൊണ്ട് അടുത്ത വര്‍ഷം സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന ചോദ്യത്തിന് ഇത്തരം നിസാര പിഴവുകളുടെ കാര്യത്തില്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടാണെന്നും രജിസ്ട്രാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.