അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് കേവലം രാഷ്ട്രീയക്കാരൻ മാത്രമായിരുന്നില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉടച്ചു വാർത്ത പുത്തൻ സാമ്പത്തിക നയം രൂപവത്കരിക്കുന്നതിലും ഇന്ത്യയെ ആധുനിക സാമ്പത്തിക ക്രമത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിലും നിർണായക പങ്കുവഹിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയാണ് അദ്ദേഹം. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയായിരുന്നു രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുതിപ്പേകുന്ന ഉദാരവത്കരണ നയം സ്വീകരിച്ചതും വിദേശ നിക്ഷേപങ്ങളുടെ വരവോടെ വൻ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറിയതും.
ലോക വിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് വഴിയൊരുക്കിയ പ്രഖ്യാപനമായിരുന്നു മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണ അജണ്ടകൾ. ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വ്യവസായവൽക്കരണം, വിദേശ നിക്ഷേപം, സാങ്കേതിക പുരോഗതി എന്നിവ ത്വരിതപ്പെടുത്തി. ഇന്ത്യയെ സാമ്പത്തിക വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ ഘട്ടത്തിലേക്ക് നയിക്കുന്നതായിരുന്നു പുത്തൻ സാമ്പത്തിക നയം.
1932 സെപ്റ്റംബർ 26ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്താനിൽ) ഗാഹിലാണ് മൻമോഹൻ സിങ് ജനിച്ചത്. പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഓക്സ്ഫോഡ് സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, പഞ്ചാബ് യൂണിവേഴ്സിറ്റി, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്തമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ച് വിജയകരമായ അധ്യാപന ജീവിതം ആരംഭിച്ചു. അക്കാദമിക പ്രയത്‌നങ്ങൾ ആഗോളതലത്തിൽ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു, സാമ്പത്തികശാസ്ത്ര വിഷയത്തിൽ ഒരു പ്രമുഖ വിദഗ്ദ്ധനെന്ന നിലയിൽ പ്രസിദ്ധനായി.
1970കളിൽ വിദേശവ്യാപാര മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടതാണ് പൊതുസേവനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ സ്വാധീനിക്കുന്ന വലിയ പദവികളിലേക്ക് ഉയർന്നു. 1982 മുതൽ 1985 വരെ റിസർവ് ബാങ്ക് ഗവർണറായിരിക്കെ അദ്ദേഹത്തിന്റെ നയരൂപീകരണവും സാമ്പത്തിക സ്ഥിരതയോടുള്ള അർപ്പണബോധവും ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കാനുള്ള നിയോഗവും വന്നുചേർന്നു. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായി സ്ഥാനമേറ്റു.
2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർണായക ഇടപെലുകളാണ് നടത്തിയത്. അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന പുരോഗമന അജണ്ടക്ക് അദ്ദേഹം പ്രാധാന്യം നൽകി. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഗ്രാമീണ വികസനം, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ഈ അജണ്ട. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ നിരവധി വലിയ പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പാക്കപ്പെട്ടു. ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് സാമ്പത്തിക സ്ഥിരതയും തൊഴിലവസരവും ഉറപ്പുനൽകിയ പദ്ധതിയായിരുന്നു ഇത്.
ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര തലത്തിൽ ഉയർത്താനും രാജ്യങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഉറച്ച വിദേശനയ ശൈലിയാണ് മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഇന്ത്യ സ്വീകരിച്ചത്. തീവ്രവാദ വിരുദ്ധത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വിഷയങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെട്ട അദ്ദേഹം, പ്രധാന സഖ്യകക്ഷികളുമായും അയൽക്കാരുമായും ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യ -യു.എസ് ആണവ ബന്ധത്തിലും നിർണായകമായത് മൻമോഹൻ സിങ്ങിന്‍റെ ഇടപെടലുകളായിരുന്നു.
വ്യാഴാഴ്ച രാത്രി വിട പറയുമ്പോഴും ഇന്ത്യൻ രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് എന്നും ഓർത്തുവെക്കുന്ന പേരാകും ഡോ. മൻമോഹൻ സിങ്ങിന്‍റേത്. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി എട്ടോടെ അദ്ദേഹത്തെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 9.51നായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.