മാനനഷ്ടം ക്രിമിനല്‍ കുറ്റം തന്നെ –സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യക്തിയുടെ യശസ്സിനെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്‍െറ ബാധ്യതയാണെന്ന് സുപ്രീംകോടതി. മാനനഷ്ടമുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ എടുത്തുകളയണമെന്ന ആവശ്യം കോടതി തള്ളി. അഭിപ്രായസ്വാതന്ത്ര്യം ആത്യന്തികമല്ളെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്‍െറ അള്‍ത്താരയില്‍ ഒരാളുടെ യശസ്സിനെ കുരിശിലേറ്റാന്‍ കഴിയില്ളെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സുപ്രധാന വിധിയില്‍ വ്യക്തമാക്കി. അതേസമയം, മാനനഷ്ടക്കേസില്‍ പ്രതികളെ വിളിപ്പിക്കുന്നത് അങ്ങേയറ്റം ജാഗ്രതയോടെ വേണമെന്ന് മജിസ്ട്രേറ്റ് കോടതികള്‍ക്ക് നിര്‍ദേശവും നല്‍കി.

മാനനഷ്ടം ക്രിമിനല്‍ കുറ്റമാക്കിയ വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഏതാനും മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികളാണ് തള്ളിയത്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെന്നതുപോലെ യശസ്സും സംരക്ഷിക്കപ്പെടേണ്ട അവകാശമാണെന്നും അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തിന് തുല്യമാണതെന്നും വിധിയില്‍ വ്യക്തമാക്കി. ഭരണഘടനയുടെ 21ാം അനുച്ഛേദം അനുവദിക്കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് അതിന്‍േറതായ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ഇവക്കിടയില്‍ സന്തുലനം പാലിക്കേണ്ടതുണ്ട്.ജനാധിപത്യത്തിന്‍െറ പുരോഗതി,  എതിര്‍ശബ്ദങ്ങളോടുള്ള ആദരവ്, വിയോജിപ്പിനോടുള്ള സഹിഷ്ണുത, വ്യത്യസ്ത സ്വരങ്ങള്‍ അംഗീകരിക്കാനുള്ള മനസ്സ് എന്നിവക്കുള്ള പ്രാധാന്യമാണ് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാദത്തില്‍ ഹരജിക്കാര്‍ മുന്നോട്ടുവെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, അഭിപ്രായസ്വാതന്ത്യം വ്യക്തിക്ക് തന്‍െറ യശസ്സ് സംരക്ഷിക്കാന്‍ കോടതിയില്‍ പോകാനുള്ള അവകാശത്തെ കവര്‍ന്നെടുക്കുന്നില്ല.

അഭിപ്രായസ്വാതന്ത്ര്യത്തിന് ഭരണഘടന ഉദാത്ത മൂല്യം കല്‍പിച്ചിട്ടുണ്ടെന്നും വിസമ്മതത്തിന്‍െറയും വിയോജിപ്പിന്‍െറയും ശബ്ദം മാനിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് വിശദീകരിച്ചു. എന്നാല്‍, ഈ അഭിപ്രായസ്വാതന്ത്ര്യം യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. സൂക്ഷ്മശ്രദ്ധയും അവധാനപൂര്‍വമായ ആലോചനയുമാണ് ‘യുക്തിസഹം’ എന്നതുകൊണ്ട് ഭരണഘടന ഉദ്ദേശിക്കുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും സാമൂഹിക നിയന്ത്രണവും തമ്മില്‍ ശരിയായ സന്തുലനമില്ളെങ്കില്‍ അഭിപ്രായം യുക്തിസഹമായിരിക്കില്ല. ഈ നിയന്ത്രണം അമിതവും പൊതുതാല്‍പര്യവിരുദ്ധവും ആകരുതെന്നും സുപ്രീംകോടതി പല വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന അനുവദിക്കുന്ന ഒരു സ്വാതന്ത്ര്യത്തിന് നിയന്ത്രണം വെക്കുമ്പോള്‍ സാമൂഹിക താല്‍പര്യംകൂടി മനസ്സിലുണ്ടാകണമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

രാഹുലും കെജ്രിവാളും സ്വാമിയും നടപടി നേരിടണം
ന്യൂഡല്‍ഹി: മാനനഷ്ടമുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് വിധിച്ച സുപ്രീംകോടതി, മാനനഷ്ടക്കേസില്‍ ഹരജിക്കാര്‍ക്കെതിരെ നടപടി തുടരുമെന്ന് വ്യക്തമാക്കി.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ നടപടി. മാനനഷ്ടക്കേസ് നേരിടുന്ന ഹരജിക്കാര്‍ക്ക് തങ്ങള്‍ക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി എട്ടാഴ്ച സമയം നല്‍കി. ഭരണഘടനയുടെ 226ാം അനുച്ഛേദവും ക്രിമിനല്‍ നടപടിക്രമം 482ാം വകുപ്പും അനുസരിച്ചാണ് ഹൈകോടതിയെ സമീപിക്കേണ്ടത്. ഈ എട്ടാഴ്ച ഹരജിക്കാര്‍ക്കെതിരായ ക്രിമിനല്‍ നടപടിക്രമം സുപ്രീംകോടതി സ്റ്റേ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.