തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി ജനവിധിയും ഇന്നറിയാം

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. 12ഓടെ ഫലം പൂര്‍ണമായി അറിയാം. തമിഴ്നാട്ടിലും അസമിലും ഭരണമാറ്റം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോള്‍. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അസമില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.
തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ദിവസം തുടങ്ങിയ മഴ തുടരുകയാണ്. വിജയാഘോഷങ്ങളുടെ പൊലിമ ശക്തമായ മഴയില്‍ മുങ്ങും.
അതിനിടെ, അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടെണ്ണല്‍ 25ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സട്ടാ പഞ്ചായത്ത് ഇയക്കം സംഘടനാ ജനറല്‍ സെക്രട്ടറി സെന്തില്‍ അറുമുഖം ഉള്‍പ്പെടെ മൂന്ന് പേര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി.  
തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനങ്ങളില്‍ ഇടപെടുന്നതില്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ന് പുറത്തുവരുന്ന ഫലം രണ്ട് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.  ഇവിടെ 25നാണ് വോട്ടെണ്ണല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.