ബലാത്സംഗക്കേസ്: ആര്‍.ജെ.ഡി എം.എല്‍.എയുടെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ജസ്റ്റിസുമാരായ എ.ആര്‍ ദേവ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹരജിയില്‍ വാദം കേള്‍ക്കും. ക്രൂരമായ സംഭവത്തില്‍ യാദവിന് ജാമ്യം അനുവദിച്ച ഹൈകോടതി നടപടി ശരിയായില്ളെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഗോപാല്‍ സിങ് പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബിഹാര്‍ഷരിഫിലുള്ള തന്‍െറ വീട്ടില്‍ യാദവ് ബലാത്സംഗം ചെയ്തത്. പൊലീസില്‍ ഹാജരാവാത്ത സാഹചര്യത്തില്‍ യാദവിന്‍െറ സ്വത്ത് കണ്ടുകെട്ടാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന യാദവ് കീഴടങ്ങിയത്.

നവാഡ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യാദവിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും എത്തിച്ചുകൊടുത്തതിന് ഒരു സ്ത്രീയെയും അവരുടെ ബന്ധുക്കളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഫെബ്രുവരി ആറിന് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. യാദവിന്‍െറ ജാമ്യവും മറ്റൊരു കേസില്‍ ആര്‍.ജെ.ഡി നേതാവ് ഷഹാബുദ്ദീന് ഹൈകോടതി ജാമ്യം അനുവദിച്ചതും സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.