ന്യൂഡല്‍ഹി: ജനിതകമാറ്റത്തിലൂടെ രാജ്യത്തെ ഗവേഷകര്‍ വികസിപ്പിച്ച കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
വിശദമായ വാദത്തിനായി കേസ് ഒക്ടോബര്‍ 17ലേക്ക് മാറ്റി. കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ വിപണനം ചെയ്യുന്നതിന് മുമ്പായി പൊതുജനാഭിപ്രായം സ്വരൂപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കടുക് വിപണം ചെയ്യും മുമ്പ് പൊതുജനാഭിപ്രായം സമാഹരിച്ച് പരിഗണനാ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും ഒക്ടോബര്‍ 17 വരെ നടപടികള്‍ നിര്‍ത്തിവെക്കുമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ കോടതിയെ ബോധിപ്പിച്ചു.ജനിതകമാറ്റം വരുത്തിയ കടുക് ഉത്പാദിപ്പിക്കുന്നതിനെതിരെ അരുണ റോഡ്രിഗ്യൂസ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. പരാതിക്കാരിക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ഹാജരായി.
ആവശ്യമായ പരീക്ഷണങ്ങള്‍ നടത്താതെയാണ് കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
ജനതികമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം ഒരു പതിറ്റാണ്ടുമുമ്പ് ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
എന്നാല്‍, ഇന്ത്യയിലെ കാലാവസ്ഥക്കനുസൃതമായി വിത്തിനങ്ങള്‍ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്ക ശക്തമായിരുന്നതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.