മദര്‍ ഹൗസ് പ്രാര്‍ഥനാ നിര്‍ഭരം

കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ കൊല്‍ക്കത്തയിലെ മദര്‍ ഹൗസും പ്രാര്‍ഥനാ നിര്‍ഭരം. വിദേശികളുള്‍പ്പെടെ നിരവധിപേര്‍ മദര്‍ ഹൗസില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിലും പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കാനത്തെിയിരുന്നു.

ഒട്ടോമന്‍ സാമ്രാജ്യത്തിന്‍െറ ഭാഗമായിരുന്ന സ്കോപ്ജെയില്‍ അല്‍ബേനിയന്‍ കുടുംബത്തില്‍ 1910ല്‍ ജനിച്ച മദര്‍ തെരേസയുടെ കര്‍മമണ്ഡലം കൊല്‍ക്കത്തയായിരുന്നു. ഇന്ന് മാസിഡോണിയയുടെ തലസ്ഥാനമാണ് മദറിന്‍െറ ജന്മസ്ഥലം. ആഗ്നസ് ഗോംക്സ് ബൊയാക്സ്യു എന്നായിരുന്നു ആദ്യകാലത്തെ പേര്. ബിസിനസുകാരനായ പിതാവ് ആഗ്നസിന്‍െറ എട്ടാം വയസ്സില്‍ മരിച്ചു. 12ാം വയസ്സുമുതല്‍ സന്യാസജീവിതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച ആഗ്നസ് 18ാമത്തെ വയസ്സില്‍ ഐറിഷ് സന്യാസ സമൂഹമായ സിസ്റ്റേഴ്സ് ഓഫ് ലോറെറ്റോയില്‍ ചേര്‍ന്നു. 1929ല്‍ ഇന്ത്യയിലേക്ക് വരുന്നതുവരെ അയര്‍ലന്‍ഡിലായിരുന്നു ജീവിതം. ഇന്ത്യയിലത്തെി ഏറെ നാള്‍ അധ്യാപികയായി ജോലിചെയ്തു. പിന്നീട് കൊല്‍ക്കത്തയിലെ ചേരികളിലായി പ്രവര്‍ത്തനം. മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹം സ്ഥാപിച്ച് കൊല്‍ക്കത്ത കേന്ദ്രമാക്കിയായിരുന്നു തുടര്‍ന്നുള്ള ജീവിതം.

അനാഥരെയും അഗതികളെയും സംരക്ഷിച്ച് അഗതികളുടെ അമ്മ എന്ന വിളിപ്പേരിനുടമയായി. 1951ല്‍ ഇന്ത്യന്‍ പൗരത്വം നേടി. 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരവും 1962ല്‍ പത്മശ്രീ പുരസ്കാരവും 1969ല്‍ ജവഹര്‍ലാല്‍ നെഹ്റു പുരസ്കാരവും 1980ല്‍ ഭാരതരത്നയും സമ്മാനിച്ചു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് തപാല്‍വകുപ്പ് പ്രത്യേക അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹ സ്റ്റാമ്പ് പ്രകാശനം ചെയ്തു. സാധാരണയായി ടെലിവിഷന്‍ കാണാറില്ലാത്ത സന്യാസിനികള്‍ മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങ് തത്സമയം കാണാന്‍ ടി.വിക്ക് മുന്നിലത്തെി. ടി.വിയോ മൊബൈല്‍ ഫോണോ ഇല്ലാതെയാണ് മദര്‍ ഹൗസില്‍ ഇവരുടെ ജീവിതം. ലാന്‍ഡ്ലൈന്‍ മാത്രമാണ് ഇവിടെയുള്ളത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ നാലാമതൊരു സ്ക്രീന്‍കൂടി ഒരുക്കിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.