ഇ.എസ്.ഐ വരുമാനപരിധി ഉയര്‍ത്തി; 50 ലക്ഷം പേര്‍ക്കുകൂടി ആനുകൂല്യം

ന്യൂഡല്‍ഹി: ആറുവര്‍ഷത്തിന് ശേഷം ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ബോര്‍ഡ് യോഗം ഉയര്‍ത്തി. ആനുകൂല്യത്തിനുള്ള വരുമാനപരിധി മാസം 15,000ത്തില്‍നിന്ന് 21,000 രൂപ വരെയായി ഉയര്‍ത്തി.ഇതോടെ 50 ലക്ഷം തൊഴിലാളികള്‍ക്കുകൂടി അധികമായി ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.

ഇ.എസ്.ഐ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി നിലവിലുള്ള 60 വയസ്സില്‍നിന്ന് 65 വയസ്സാക്കി വര്‍ധിപ്പിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇ.എസ്.ഐ ചികിത്സാ ആനുകൂല്യ പരിധി എട്ടു കി.മീറ്റര്‍ ചുറ്റളവ് എന്നത് ഇനി 20 കി.മീറ്ററാവും. നിലവില്‍ 2.60 കോടി അംഗങ്ങളുള്ള ഇ.എസ്.ഐ ഇനി നാലുകോടി തൊഴിലാളികള്‍ക്ക്  പ്രയോജനപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
കുടുംബത്തിലെ നാല് അംഗങ്ങളാണ് ആനുകൂല്യത്തിന് അര്‍ഹര്‍. ഒടുവില്‍ 2010ലാണ് ഇ.എസ്.ഐ വരുമാനപരിധി പുതുക്കിയത്. അന്ന് 10,000ത്തില്‍നിന്ന് 15,000 രൂപയാക്കി. വിവിധ മേഖലകളിലെ തൊഴിലാളികളെ ഇ.എസ്.ഐ ആനുകൂല്യ പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അംഗത്വത്തിനുള്ള പരിധി ഉയര്‍ത്തിയത്.

സ്വകാര്യാശുപത്രി തൊഴിലാളികള്‍, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍, നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍, മറ്റു സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍. സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് ഇ.എസ്.ഐ പരിധിയില്‍ വരുന്നത്.ബോര്‍ഡ് തീരുമാനങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പില്‍വരുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.