ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ എഫ്. ഐ.ആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ  അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി) എഫ്. ഐ. ആര്‍ രജിസറ്റര്‍ ചെയ്തു. ഓഫീസില്‍ വനിതാ പാനലിനെ നിയമച്ചതില്‍ ക്രമക്കേട് കാണിച്ചെന്ന പരാതിയിലാണ് സ്വാതിക്കെതിരെ കേസെടുത്തത്. അഴിമതിക്കെതിരായ നിയമം 13 (ഡി), 409, 120 (ബി) എന്നീവകുപ്പു പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ സ്വാതി മാലിവാള്‍ നിയമന നടപടികളില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് കേസ്. വനിതാ പാനലില്‍ ചട്ടവിരുദ്ധമായി  ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ വനിതാ കമീഷന്‍ അധ്യഷ ബര്‍ക്കാ ശുക്ള നല്‍കിയ പരാതിയിലാണ് നടപടി.

ആവശ്യമായ യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട 85 പേരുടെ ലിസ്റ്റ് ബര്‍ക്ക ശുക്ള അഴിമതി വിരുദ്ധ ബ്യൂറോക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. വനിതാ പാനലുള്‍പ്പെടെ 91 ജീവനക്കാരെയാണ് സ്വാതി മാലിവാള്‍ ചട്ടവിരുദ്ധമായി നിയമിച്ചത്. സ്വാതി അധ്യക്ഷ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിയെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ഓഫീസില്‍ എ.സി.ബി പരിശോധന നടത്തിയിരുന്നു. കേസില്‍ സ്വാതി മാലിവാളിന് 27 ചോദ്യങ്ങടങ്ങിയ ചോദ്യാവലി കൈമാറിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും എ.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
വനിത കമ്മീഷന്‍്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായവരാണ് വ്യാജമായ പരാതിക്ക് പിന്നിലെന്ന് സ്വാതി മാലിവാള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.