യുനൈറ്റഡ് നേഷൻസ്: കശ്മീർ പ്രശ്നത്തിൽ ഇടപെടണമെന്ന പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ ആവർത്തിച്ചുള്ള ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് ചർച്ചയാണ് ഗുണകരമെന്നും മൂൺ അറിയിച്ചെന്ന് ശരീഫിന്‍റെ വക്താവ് പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി ആഗോള സംഭവങ്ങളെ കുറിച്ച് ബാൻകി മൂൺ പരാമർശിച്ചിരുന്നു. മ്യാൻമർ, ശ്രീലങ്ക എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ, കൊറിയൻ ഉപഭൂഖണ്ഡത്തിലെ സംഘർഷം, പലസ്തീൻ, സിറിയ അടക്കമുള്ള പശ്ചിമേഷ്യൻ പ്രശ്നങ്ങൾ, അഭയാർഥി-കുടിയേറ്റ വിഷയങ്ങൾ എന്നിവയാണ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കശ്മീരിലെ സംഘർഷങ്ങളെ കുറിച്ച് ചെറിയ പരാമർശം പോലും മൂൺ നടത്തിയിരുന്നില്ല.
കശ്മീർ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പാകിസ്താൻ കുറേകാലമായി നടത്തിയിരുന്നത്. ഇതിന്‍റെ ഭാഗമായി കശ്മീരിലെ നിലവിലെ സംഘർഷ സാധ്യതകൾ ചൂണ്ടിക്കാട്ടി ബാൻകി മൂണിന് കത്ത് നൽകിയിരുന്നു. കൂടാതെ യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ആവശ്യം ബാൻകി മൂൺ തള്ളിയത് നയതന്ത്ര തലത്തിൽ പാകിസ്താന് കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.