ഭ്രൂണം യു.എസിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് ദമ്പതികള്‍ കോടതിയില്‍

മുംബൈ: മുംബൈയിലെ ആശുപത്രി ലാബില്‍ സൂക്ഷിച്ചിരിക്കുന്ന ഭ്രൂണം യു.എസിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് ദമ്പതികള്‍ കോടതിയില്‍. വിഷയത്തില്‍ ബോംബെ ഹൈകോടതി കേന്ദ്രസര്‍ക്കാറിന്‍െറയും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറയും നിലപാട് തേടി. കച്ചവടം ലക്ഷ്യമാക്കിയുള്ള വാടക ഗര്‍ഭപാത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ഭ്രൂണം യു.എസിലേക്ക് മാറ്റാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ തേടിയ ദമ്പതികളോട് വാടക ഗര്‍ഭപാത്രം സ്വീകരിക്കാനായിരുന്നു യു.എസ് ഡോക്ടര്‍മാരുടെ ഉപദേശം.
തുടര്‍ന്ന് എട്ട് ഭ്രൂണങ്ങള്‍ തയാറാക്കി ഇവര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍െറ അനുവാദം നേടിയ ശേഷം 2015 ഏപ്രിലില്‍ മുംബൈയിലെ പോവയിലെ ആശുപത്രിയിലേക്കയച്ചു. എന്നാല്‍, വിദേശ ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രം നല്‍കുന്ന നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ, ഭ്രൂണം തിരികെ കൊണ്ടുപോകാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഭ്രൂണം മറ്റൊരു രാജ്യത്തുനിന്ന് കൊണ്ടുവരുന്നതിനും അയക്കുന്നതിനും സര്‍ക്കാറിന്‍െറ പുതിയ നയപ്രകാരം നിരോധമുണ്ടെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടിയതോടെ ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിലപാട് ഒക്ടോബര്‍ നാലിന് കോടതിയെ അറിയിക്കാനാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.