സുനന്ദ പുഷ്കറിന്‍െറ മരണം: തരൂര്‍-തരാര്‍ ചാറ്റിങ് വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ ബ്ളാക്ബെറി മെസഞ്ചറില്‍നിന്ന് മായ്ച്ചുകളഞ്ഞ ചാറ്റിങ് വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാറിന്‍െറ സഹായം തേടി. ഇതുസംബന്ധിച്ച് കനേഡിയന്‍ നീതിന്യായ വകുപ്പിന് ഡല്‍ഹി പൊലീസ് കത്തെഴുതി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനാകാതെ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് പൊലീസ് അവസാന പിടിവള്ളിയെന്ന നിലക്ക് പുതിയ മാര്‍ഗം തേടുന്നത്.

സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂറും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ ബ്ളാക്ബെറി മെസഞ്ചര്‍ വഴി നടത്തിയ ചാറ്റിങ് വിവരങ്ങള്‍ മായ്ച്ചുകളഞ്ഞതായി പൊലീസ് കണ്ടത്തെിയിരുന്നു. സുനന്ദയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളുടെ സൂചന മായ്ച്ചുകളഞ്ഞ ചാറ്റ് വിവരങ്ങളില്‍നിന്ന് ലഭിച്ചേക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. മായ്ക്കപ്പെട്ട ചാറ്റില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് മരണത്തിന് തലേന്ന് സുനന്ദ തന്നോടു പറഞ്ഞതായി പത്രപ്രവര്‍ത്തക നളിനി സിങ് പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

ചാറ്റിങ് വിവരങ്ങള്‍ തേടി ബ്ളാക്ബെറി ഫോണ്‍ നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷനെ (ആര്‍.ഐ.എം) ഡല്‍ഹി പൊലീസ് സമീപിച്ചിരുന്നു. എന്നാല്‍, സ്വകാര്യതക്ക് പ്രാധാന്യം നല്‍കുന്ന കമ്പനി ചാറ്റിങ് വിവരങ്ങള്‍ പൊലീസുമായി പങ്കുവെക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് വിവരങ്ങള്‍ എത്രയും വേഗത്തില്‍ കൈമാറാന്‍ കനേഡിയന്‍ സര്‍ക്കാര്‍ വഴി കമ്പനിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്‍െറ ഭാഗമായാണ് പൊലീസിന്‍െറ കത്ത്. മെഹര്‍ തരാറുമായുള്ള ശശി തരൂറിന്‍െറ അടുപ്പത്തെ ചൊല്ലി മരണത്തിന്‍െറ തലേദിവസം സുനന്ദയും തരൂരും ട്വിറ്ററില്‍ വഴക്കിട്ടിരുന്നു.

 2014 ജനുവരിയിലാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ആദ്യം അസ്വാഭാവിക മരണമായി കണ്ട പൊലീസ് പിന്നീട് കൊലപാതകമാണെന്ന നിഗമനത്തിലത്തെി കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍, ആരെയും പ്രതിചേര്‍ത്തിട്ടില്ല. പെട്ടെന്ന് കണ്ടത്തൊന്‍ കഴിയാത്ത പൊളോണിയം പോലുള്ള വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍െറ സംശയം. എന്നാല്‍, ആന്തരികാവയവങ്ങള്‍ അമേരിക്കയില്‍ അയച്ച് നടത്തിയ പരിശോധനയിലും വിഷാംശം കണ്ടത്തൊനായില്ല.  ശശി തരൂരിനെയും മെഹര്‍ തരാറിനെയും ചോദ്യം ചെയ്യുകയും തരൂരിന്‍െറ വീട്ടിലെ സഹായികളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറു പേരെ നുണ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടും തുമ്പുണ്ടായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.