ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ക്രമക്കേട് നടന്ന സംഭവത്തിൽ സൂത്രധാരനെന്ന് കരുതുന്ന ഒരാളെയും രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ജംഷെദ്പുർ എൻ.ഐ.ടിയിൽനിന്ന് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ പങ്കജ് കുമാർ, രാജസ്ഥാനിലെ മെഡിക്കൽ വിദ്യാർഥികളായ കുമാർ മംഗളം ബിഷ്ണോയ്, ദീപേന്ദർ ശർമ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറു കേസുകളിലായി 21 പേരാണ് പിടിയിലായത്.
ഹസാരിബാഗിലെ എൻ.ടി.എ ട്രങ്കിൽനിന്ന് പങ്കജ് കുമാർ ചോദ്യപ്പേപ്പർ മോഷ്ടിച്ചെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. മെഡിക്കൽ വിദ്യാർഥികളായ മറ്റ് രണ്ടുപേരും ചേർന്ന് ഈ പേപ്പർ സോൾവ് ചെയ്തു. നീറ്റ് യു.ജി പരീക്ഷ നടന്ന മേയ് അഞ്ചിന് ഇരുവരും ഹസാരിബാഗിലുണ്ടായിരുന്നു. പേപ്പർ സോൾവ് ചെയ്തവരുടെ സംഘത്തിൽ ഇവർ രണ്ട് പേരും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിലുണ്ടായിരുന്ന അഞ്ച് മെഡിക്കൽ വിദ്യാർഥികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന്‍റെ ‘സേവനം’ ലഭ്യമാക്കിയ വിദ്യാർഥികൾക്ക് ഉത്തരം കൈമാറിയതായി ഇവർ വെളിപ്പെടുത്തി.
പേപ്പർ ചോർച്ചയുടെ മറ്റൊരു സൂത്രധാരനായ ശശികാന്ത് പസ്വാൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളും ജംഷെദ്പുർ എൻ.ഐ.ടിയിൽനിന്ന് എൻജിനിയറിങ് പൂർത്തിയാക്കിയതാണ്. ഹസാരിബാഗിൽനിന്ന് ഇയാളോടൊപ്പം മറ്റു ചിലരെ കൂടി സി.ബി.ഐ പിടികൂടിയിരുന്നു. മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് നൽകിയ പരാതിയിൽ ബിഹാർ പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് കേന്ദ്രം കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.