അമാനത്ത് അലിയുടെ ബംഗളൂരുവിലെ സംഗീത പരിപാടി റദ്ദാക്കി

ബംഗളൂരു: ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനി ഗായകന്‍ ഷഫ്ഖത്ത് അമാനത്ത് അലിയുടെ ബംഗളൂരുവിലെ സംഗീത പരിപാടി റദ്ദാക്കി. വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയതെന്ന് സംഘാടകരായ റേഡിയോ മിര്‍ച്ചി ഗ്രൂപ് മാനേജര്‍ ശ്രീനിവാസ് അറിയിച്ചു. ഈ മാസം 20ന് തന്നെ പരിപാടി റദ്ദാക്കാന്‍ തീരുമാനമെടുത്തിരുന്നു.

ഇതിനുശേഷമാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്റങ് ദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ പരിപാടിക്കെതിരെ രംഗത്തുവന്നത്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അമാനത്ത് അലിയുടെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത്, ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍ സിറ്റി പൊലീസിന് കത്തു നല്‍കിയിരുന്നു.

പാകിസ്താന്‍ കലാകാരന്മാര്‍ രാജ്യംവിട്ടുപോകുന്നതിന് 48 മണിക്കൂര്‍ സമയം നല്‍കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണിക്കു പിന്നാലെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പരിപാടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കത്തു നല്‍കിയത്. പാകിസ്താനി ഗായകര്‍ രാജ്യത്ത് പരിപാടികള്‍ നടത്തുന്നത് ധീര സൈനികരെഅവഹേളിക്കുന്നതിനു തുല്യമാണെന്ന് പൊലീസിന് നല്‍കിയ കത്തില്‍ പറയുന്നു.

ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം തന്നെ പരിപാടി റദ്ദാക്കാന്‍ തീരുമാനമെടുത്തിരുന്നുവെന്ന് സംഘാടകര്‍ പറയുന്നു. സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇതിനകം പാക് നടന്‍ ഫവാദ് ഖാന്‍ ഇന്ത്യ വിട്ടു. കരണ്‍ ജോഹറിന്‍െറ പുതിയ ചിത്രം 'യേ ദില്‍ ഹേ മുഷ്കി'ലില്‍ ഫവാദ് ഖാന്‍ അഭിനയിച്ചതിനെതിരെ സേന പ്രതിഷേധവുമായി രംഗത്തത്തെിയതോടെയാണ് അദ്ദേഹം രാജ്യം വിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.