നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അശ്വമേധത്തിന് തടയിട്ട പൊതുതെരഞ്ഞെടുപ്പുതന്നെയാണ് സംഭവബഹുലമായ 2024ലെ വഴിത്തിരിവായത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ നടന്ന തെരഞ്ഞെടുപ്പിൽ 2014ലെയും 2019ലെയും തേരോട്ടം തുടരുമെന്ന കണക്കൂകൂട്ടലിൽ ഹിന്ദുത്വ നേതാക്കളിൽ പൂവിട്ട ഭരണഘടന ഭേദഗതി സ്വപ്നം കായ്ക്കും മുമ്പേ കരിഞ്ഞു.
ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാതായതോടെ ബി.ജെ.പി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഗതിവേഗം കുറക്കാൻ നിർബന്ധിതരായി. തങ്ങളെ താങ്ങി നിർത്തുന്നത് മുസ്ലിംകളുടെ വോട്ടുകൂടി കാംക്ഷിക്കുന്ന തെലുഗുദേശവും ജനതാദൾ-യുവും ആണെന്ന യാഥാർഥ്യം അംഗീകരിക്കേണ്ട നിസ്സഹായാവസ്ഥയിലാണിന്ന് ബി.ജെ.പി. ദേശീയ രാഷ്ട്രീയത്തിൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളായി.
കൊട്ടിഗ്ഘോഷിച്ച് കൊണ്ടു വന്ന ഹിന്ദുത്വ അജണ്ടയായ വഖഫ് ബില്ലിലെ ചാഞ്ചാട്ടങ്ങൾ ജൂൺ നാലിനു പുറത്തുവന്ന പൊതുതെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ച നിസ്സഹായതയിൽനിന്ന് ഉടലെടുത്തതാണ്.
ഈ ബിൽ പാസാക്കുന്നത് രാജ്യത്തെ കോടാനുകോടി വഖഫ് സ്വത്തുക്കളിൽ കൈവെക്കാനാണെന്ന മുസ്ലിം സമുദായത്തിന്റെ ആശങ്ക ദൂരീകരിച്ചേ മതിയാകൂ എന്ന് വ്യക്തമാക്കി തെലുഗുദേശവും ജനതാദൾ -യുവും ജഗദാംബിക പാൽ അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)യെ വരച്ച വരയിൽ നിർത്തി.
ഫെഡറൽ സംവിധാനം അവസാനിപ്പിച്ച് പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള പരിവർത്തനത്തിന് നാന്ദി കുറിക്കാൻ പാകത്തിൽ വേവിച്ചെടുത്ത ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അജണ്ട’ നടപ്പാക്കാനും ബി.ജെ.പിക്ക് കഴിയാതിരിക്കുന്നത് 400 സീറ്റ് കടക്കാൻ കഴിയാത്തതുകൊണ്ടാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം പോയിട്ട് തങ്ങൾക്കുള്ള കേവലഭൂരിപക്ഷ വോട്ടുകൾ പോലും കാണിക്കാൻ ഒറ്റത്തെരഞ്ഞെടുപ്പ് ബിൽ അവതരണ വേളയിൽ മോദി സർക്കാറിന് കഴിഞ്ഞില്ല.
400 കടക്കാനുള്ള വ്യാമോഹത്തിൽ രാജ്യം ഇന്നുവരെ കാണാത്ത കൊടിയ വർഗീയ വിദ്വേഷ പ്രചാരണങ്ങളുമായി ഭരണാധികാരികൾ നേരിട്ടിറങ്ങിയപ്പോൾ ‘ഭരണഘടന മാറ്റാനും സംവരണം നിർത്താനുമാണ് ഹിന്ദുത്വ പടപ്പുറപ്പാട്, എന്ന നരേറ്റിവ് സൃഷ്ടിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പിന്റെ അജണ്ട നിർണയിച്ചതാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
ഗോപാൽ ശങ്കര നാരായണൻ എന്ന സുപ്രീംകോടതി അഭിഭാഷകൻ ചുവന്ന ചട്ടയുള്ള കൈപ്പുസ്തകമാക്കി പുറത്തിറക്കിയ ഇന്ത്യൻ ഭരണഘടനയെ ജനമനസ്സുകളിൽ കുടിയിരുത്തുന്നതായിരുന്നു രാഹുലും ഇൻഡ്യയും നടത്തിയ പ്രചാരണം. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ മേലോട്ടുയർന്ന രാഹുൽ ഗാന്ധിയുടെ ഗ്രാഫ് അധികം വൈകാതെ ഹരിയാനയിലും മഹാരാഷ്ട്രയിലുമുണ്ടായ തിരിച്ചടികളിൽ താഴോട്ടു പോരുന്നതും രാജ്യം കണ്ടു.
പ്രതിപക്ഷ നേതാവിന്റെ പദവിയിലിരുന്നതോടെ രാഹുലിന് പറയാനൊന്നുമില്ലാതായോ എന്നു തോന്നിച്ച മാസങ്ങൾക്കൊടുവിലാണ് അംബേദ്കർ പരാമർശത്തിൽ അമിത് ഷാക്ക് പിണഞ്ഞ അമളി. ഇൻഡ്യയെ ഒരുമിച്ചു നിർത്തി അമിത് ഷായെ പൂർണമായും പ്രതിരോധത്തിലാക്കിയ നീക്കത്തിലൂടെ താഴെനിന്ന രാഹുലിന്റെ രാഷ്ട്രീയ ഗ്രാഫ് ഒരൽപം പൊങ്ങി.
അതേസമയം, ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയിലുള്ള ആധിപത്യം അരക്കിട്ടുറപ്പിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്ററി പ്രവേശനം ഗംഭീരമാക്കുകയും ചെയ്തു. പ്രിയങ്കയുടെ ചടുലത ആരംഭശൂരത്വമാകാതിരുന്നാൽ ദേശീയ രാഷ്ട്രീയത്തിൽ അവരുടെ ചലനങ്ങൾ പ്രതിഫലനമുണ്ടാക്കും.
രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാരുടെ മനോമുകുരങ്ങളിൽ നടക്കുന്ന ഹിന്ദുത്വ - മതേതരത്വ വടംവലിയുടെ മറ്റൊരു നിദർശനമായിരുന്നു അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവ് ‘കഠ്മുല്ല’ (ചേലാകർമം നടത്തിയ മുല്ല) എന്ന തീവ്ര ഹിന്ദുത്വ തെറി വിളിച്ച് മുസ്ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗം.
പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കൊളീജിയം താക്കീത് നൽകി ഹൈകോടതിയിലേക്ക് തിരിച്ചയച്ച ആ ജഡ്ജിയെ നീക്കം ചെയ്യാനുള്ള ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസിന് അനുമതി ലഭിച്ചാൽ പശ്ചിമ ബംഗാൾ ഹൈകോടതിയിലെ സൗമിത്ര സെന്നിന് ശേഷം ഇംപീച്ച്മെന്റ് നടപടി നേരിടുന്ന രണ്ടാമത്തെ ജഡ്ജിയാകും യാദവ്.
രാഷ്ട്രത്തിന്റെ ഏറ്റവും മുഖ്യമായൊരു ഭരണഘടനാ സ്തംഭത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുസൃതമായി പരുവപ്പെടുത്തുകയാണോ എന്ന് പലരെയും തോന്നിപ്പിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ സ്വയം വെളിപ്പെടുത്തലും ഹിന്ദുത്വ ഹൃദയ സമ്രാട്ടായ പ്രധാനമന്ത്രിക്കൊത്തുള്ള സ്വന്തം വീട്ടിലെ പൂജയും ഇന്ത്യൻ ജുഡീഷ്യറിയുടെ മാഞ്ഞുപോകാത്ത ചിത്രങ്ങളായി മനസ്സിൽ പതിഞ്ഞാണ് 2024 കടന്നുപോകുന്നത്.
സ്വന്തം വീട്ടിൽ പൂജയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആ പൂജക്ക് ക്ഷണിച്ച് കൂടെനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കീർത്തനം ചൊല്ലുന്ന കാഴ്ച രാജ്യം ആശ്ചര്യത്തോടെ കണ്ടു. ഹിന്ദുത്വ രാഷ്ട്രനിർമിതിക്ക് അടിത്തറയിട്ടുകൊടുത്ത് താനെഴുതിയ രാമക്ഷേത്ര വിധിക്ക് പിന്നിൽ ദൈവിക വെളിപാട് ആയിരുന്നുവെന്ന് പറഞ്ഞ് സ്വയം വെളിപ്പെട്ടാണ് പരമോന്നത കോടതിയുടെ പരമാധികാര പദവിയിൽനിന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങിയത്.
ജസ്റ്റിസ് ചന്ദ്രചൂഡ് രാജ്യത്തിന്റെ പരമോന്നത ജഡ്ജിയായ ശേഷം വന്നുഭവിച്ച അപഭ്രംശങ്ങൾ ഓർത്ത് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ രാജ്യത്തെ തലമുതിർന്ന മാധ്യമപ്രവർത്തകനു മുന്നിൽ അഭിമുഖത്തിനിരുന്ന് പൊട്ടിക്കരയുന്നതും രാജ്യം കണ്ടു.
അതേസമയം, ജുഡീഷ്യറിയുടെ ചില പിഴവുകളെ സുപ്രീം കോടതി തിരുത്തുന്നതും കണ്ടു. ഗ്യാൻവാപി കേസിലെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങളുടെ മേൽ അവകാശവാദത്തിന് ഹിന്ദുത്വ വാദികൾക്ക് വഴിയൊരുക്കിയപ്പോൾ അതിനു തടയിട്ടത് അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അതിന് താൽക്കാലികമായെങ്കിലും തടയിട്ടു.
സംഭലിലെ പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ അഞ്ചു യുവാക്കളുടെ ജീവൻ പൊലിഞ്ഞ ശേഷമെങ്കിലും തടയിട്ടതും സുപ്രീംകോടതിതന്നെ. യഥാർഥത്തിൽ 2024 സുപ്രീംകോടതി തുടങ്ങിയതുതന്നെ തങ്ങൾക്ക് പിണഞ്ഞ വലിയൊരബദ്ധം തിരുത്തിക്കൊണ്ടായിരുന്നു.
ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടബലാത്സംഗവും കൂട്ടക്കൊലയും നടത്തിയ കൊടുംകുറ്റവാളികളുടെ ശിക്ഷാകാലാവധിക്ക് മുന്നേയുള്ള മോചനത്തിന് വഴിയൊരുക്കിയ പ്രമാദമായ ബിൽകീസ് ബാനു കേസിലെ അബദ്ധ വിധി തിരുത്തിക്കൊണ്ടായിരുന്നു അത്. ജസ്റ്റിസ് അജയ് രസ്തോഗിയുടെ അബദ്ധ വിധി തിരുത്തി അവർക്ക് കാരാഗൃഹവാസം ഉറപ്പുവരുത്തി ജനുവരി എട്ടിന് ജസ്റ്റിസ് ബി.വി. നാഗരത്ന പുറപ്പെടുവിച്ച വിധി രാജ്യത്തിന്റ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വിശ്വസം ജനിപ്പിക്കുന്നതായിരുന്നു.
പതിറ്റാണ്ടുകൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ അപ്രമാദിത്തം ആർക്കെന്ന് ചോദിച്ചാൽ ബാബാസാഹിബ് അംബേദ്കറിനെന്ന് ഭരണപക്ഷവും പ്രതിപക്ഷവും അർഥശങ്കക്കിടയില്ലാത്ത വിധം ഒരുപോലെ ഉത്തരം നൽകുന്ന കാഴ്ചകൂടി കണ്ടാണ് ദേശീയ രാഷ്ട്രീയം പുതിയ നൂറ്റാണ്ടിന് കാൽപാദം കുറിക്കുന്നത്.
ഇന്ത്യൻ ഭരണഘടനക്ക് വയസ്സ് 75 ആയിട്ടും അതിനോടുള്ള പ്രതിപത്തിയിൽ രാജ്യത്ത് ഒരു കുറവും വന്നിട്ടില്ലെന്ന തിരിച്ചറിവ് പൊതുതെരഞ്ഞെടുപ്പിൽനിന്ന് ലഭിച്ചപ്പോഴാണ് അംബേദ്കർ എന്നും ഭരണഘടനയെന്നുമൊക്കെ നിരന്തരം ഉരുവിടാൻ ബി.ജെ.പി തീരുമാനിച്ചത്.
അംബേദ്കർ, അംബേദ്കർ എന്ന് ഉരുവിട്ടുകൊണ്ടിരുന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ചതും തിരിച്ചടിയുടെ ക്ഷീണം മാറ്റാനായിരുന്നു. എന്നാൽ, ആ പരിഹാസത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർക്കാറിനും ബി.ജെ.പിക്കുമുണ്ടാക്കിയ പരിക്ക് ഇനിയും മാറിയിട്ടില്ല. തന്റെ ‘വലം കൈ’ക്ക് ഏറ്റ പരിക്ക് മാറ്റാൻ തുടരൻ പോസ്റ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ടിറങ്ങിയതും ഇൻഡ്യയുമായി എൻ.ഡി.എ എം.പിമാർ പോരിനിറങ്ങിയതും അംബേദ്കറുടെ അപ്രമാദിത്തംകൊണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.