ഗുജറാത്തിലെ മോർബി പാലം അപകടത്തിൽ പുതിയ കണ്ടെത്തൽ. പാലം തകർന്നുവീഴുന്നതിന് മുമ്പുതന്നെ പാലത്തിന്റെ 22 സുപ്രധാന കേബിൾ വയറുകൾ പൊട്ടിവീണിരുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം മോർബിയിലെ പാലം തകർന്നുവീണ് 135 പേർ മരിച്ചിരുന്നു. ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. കേബിളിലെ വയറുകളുടെ പകുതിയോളം തുരുമ്പെടുത്തതും പഴയ സസ്പെൻഡറുകൾ കൂട്ടിയോജിപ്പിച്ച് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. 2022 ഡിസംബറിൽ അഞ്ചംഗ അന്വേഷണ സംഘം സമർപ്പിച്ച 'മോർബി ബ്രിഡ്ജ് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിന്റെ' ഭാഗമാണ് ഈ കണ്ടെത്തലുകൾ.
കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് തകർന്ന മച്ചു നദിയിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ തൂക്കുപാലത്തിന്റെ പ്രവർത്തനവും അറ്റകുറ്റപ്പണിയും അജന്ത മാനുഫാക്ചറിംഗ് ലിമിറ്റഡിനായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികളിലും നടത്തിപ്പിലും നിരവധി വീഴ്ചകൾ സംഘം കണ്ടെത്തിയിരുന്നു. ഐ.എ.എസ് ഓഫീസർ രാജ്കുമാർ ബെനിവാൾ, ഐ.പി.എസ് ഓഫീസർ സുഭാഷ് ത്രിവേദി, സംസ്ഥാന റോഡ്‌സ് ആന്റ് ബിൽഡിംഗ് ഡിപ്പാർട്ട്‌മെന്റിലെ സെക്രട്ടറിയും ചീഫ് എഞ്ചിനീയറും സ്ട്രക്ചറൽ എഞ്ചിനീയറിംഗ് പ്രൊഫസറും പ്രത്യേക അന്വേഷണ സമിതിയിൽ അംഗങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.