രാംഘട്ട്: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഡാമില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയും ഗോഡ്ഡ ജില്ലക്കാരിയുമായ 22കാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച പത്രാതു ഡാമില്‍നിന്ന് കണ്ടെടുത്തത്.
ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ ഡാമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അവർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തിച്ച് മൃതദേഹം കരയ്‌ക്കെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിനരികിലെ പത്രാതുലേക്ക് റിസോർട്ടിലെത്തിയതായാണ് പൊലീസിന്‍റെ നിഗമനം. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതായാണ് കരുതുന്നത്. രാംഘട്ട്, ഹസാരിബാഗ് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി നോർത്ത് ഛോട്ടാനാഗ്പുർ ഡിവിഷൻ ഡി.ഐ.ജി എ.വി. ഹോംകാർ അറിയിച്ചു. ബലാത്സംഗം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡാമിന്‍റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗ് കണ്ടെത്തിയിരുന്നു. അതിൽ നിന്നാണ് മരിച്ചതാരാണെന്ന് തിരിച്ചറിയാനുള്ള വിവരങ്ങൾ ലഭിച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് വീട്ടുകാർ സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ പെണ്‍കുട്ടി കോളേജിലുണ്ടായിരുന്നതായി മെഡി. കോളേജ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളേജില്‍നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.