ന്യൂഡൽഹി: 2010മുതലുള്ള കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ രാജ്യത്ത് പശുവിെൻറ പേരിൽ കൊല്ലപ്പെട്ടത് 28പേർ. ഇവരിൽ 24പേരും മുസ്ലിംകളാെണന്നും ‘ഇന്ത്യാസ്പെൻഡി’െൻറ അനാലിസിസ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. കന്നുകാലികളുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ ഉണ്ടായ ആക്രമണങ്ങളിൽ പകുതിയിലേറെ സംഭവങ്ങളിലും ഇരകളാക്കപ്പെട്ടത് മുസ്ലിംകളാണ്.
2014 മുതലുള്ള, നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള വർഷങ്ങളിലാണ് അക്രമങ്ങളിൽ 97ശതമാനവും ഉണ്ടായത്. േഗാരക്ഷകഗുണ്ടകളുടെ തേർവാഴ്ചകൾ ഏറെയും ഉണ്ടാകുന്നത് ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 63 സംഭവങ്ങളിൽ 32ഉം ബി.ജെ.പി സംസ്ഥാനങ്ങളിലാണ്. 2017 ജൂൺ 25വരെയുള്ള സംഭവങ്ങളാണ് റിപ്പോർട്ടിന് ആധാരം. 28കൊലപാതകങ്ങൾക്കുപുറമെ 124പേർക്ക് ഇത്തരം സംഭവങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്.
പകുതിയിലേറെ ആക്രമണങ്ങളും കിംവദന്തികളുടെയും അഭ്യൂഹങ്ങളുടെയും പേരിലാണ് ഉണ്ടായത്. 2017ലെ ആദ്യ ആറുമാസം മാത്രം 20 ‘പശുഭീകര’ അക്രമങ്ങളുണ്ടായി എന്നത്, ഇത്തരം സംഭവങ്ങൾ മോദി സർക്കാറിന് കീഴിൽ അനുദിനം വർധിക്കുകയാണെന്ന് കാണിക്കുന്നു. 2010ന് ശേഷം 2016ലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ. ആൾക്കൂട്ടകൊലകൾ, ഗോരക്ഷകഗുണ്ടകളുടെ അക്രമം, കൊലപാതക ശ്രമങ്ങൾ, പീഡനങ്ങൾ, മർദനങ്ങൾ, ബലാത്സംഗങ്ങൾ എന്നിവയാണ് റിപ്പോർട്ടിന് പരിഗണിച്ചത്.
രണ്ട് സംഭവങ്ങളിൽ ഇരകളെ കെട്ടിയിട്ട് നഗ്നരാക്കി മർദിച്ചതായും മറ്റു രണ്ട് സംഭവങ്ങളിൽ കൊലപാതകത്തിനുശേഷം കെട്ടിത്തൂക്കിയതായും റിപ്പോർട്ട് കാണിക്കുന്നു. ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്. ഇവിടെ 10 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഹരിയാനയിൽ ഒമ്പതും ഗുജറാത്തിലും കർണാടകയിലും ആറുവീതവും മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നാലുവീതവുമാണ് അക്രമങ്ങളുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പശുഭീകരരുടെ അക്രമം ഒന്നു മാത്രമാണ്.
പല സംഭവങ്ങളിലും ഇരകൾക്കെതിരെയും കേസെടുത്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പശുസംബന്ധമായി നടക്കുന്ന കൊലകളെയും മറ്റ് അക്രമങ്ങളെയും വേർതിരിച്ചുള്ള കണക്കുകൾ ഒൗദ്യോഗികമായി നിലവിലില്ല. ഇത്തരത്തിൽ കൃത്യമായ കണക്കുകൾ തയാറാക്കുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.