ഹൈദരാബാദ്: തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം തെലങ്കാനയിൽനിന്ന് പിടികൂടിയത് കറൻസി, സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയടക്കം 243 കോടി രൂപയുടെ വസ്തുവകകൾ. 10 ദിവസത്തിനിടെയാണ് ഇവയെല്ലാം പിടിച്ചെടുത്തത്.
2.6 കോടിയുടെ മദ്യം, 3.42 കോടിയുടെ മയക്കുമരുന്ന്, 38.45 കോടിയുടെ സ്വർണം തുടങ്ങിയവയാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 24 മണിക്കൂറിനിടെ മാത്രം അനധികൃതമായി സൂക്ഷിച്ച 78 കോടി രൂപയാണ് പിടികൂടിയത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ പിടികൂടിയത് 103.89 കോടിയായിരുന്നു. നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലപ്രഖ്യാപനവും നടത്തും.
നിസാമാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിൽ കെ.സി.ആർ പരാജയപ്പെടുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബി.ആർ.എസ് എം.എൽ.എയും കെ.സി.ആറിന്‍റെ മകളുമായ കെ. കവിത. തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി ആശങ്കപ്പെടേണ്ടതില്ലെന്ന് കെ. കവിത പറഞ്ഞു.
ഞങ്ങളുടെ സംസ്ഥാനം എങ്ങനെ ഭരിക്കണമെന്ന് ഞങ്ങൾക്കറിയാം. പ്രതിശീർഷ വരുമാനത്തിലും നെല്ല് ഉൽപാദനത്തിലും ജലസേചന പദ്ധതിയുലുമൊക്കെ ഞങ്ങളാണ് രാജ്യത്ത് ഒന്നാമതെന്നും കെ. കവിത പറഞ്ഞു.
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരരംഗത്തിറക്കില്ലെന്ന് സൂചന. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ (എച്ച്.സി.എ) വിവാദങ്ങളെ തുടർന്ന് അസ്ഹറിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചത്.
ജൂബിലി ഹിൽസ് മണ്ഡലമായിരുന്നു അസ്ഹർ നോട്ടമിട്ടിരുന്നത്. എന്നാൽ ഇവിടെ കോൺഗ്രസ് മുൻ നേതാവ് പി. ജനാർദന റെഡ്ഡിയുടെ മകൻ പി. വിഷ്ണുവർധൻ റെഡ്ഡിയാകും സ്ഥാനാർഥി എന്നാണ് റിപ്പോർട്ട്. 2014ലും 2018ലും ജൂബിലി ഹിൽസ് സീറ്റിൽ മത്സരിച്ചുതോറ്റ വിഷ്ണുവർധൻ റെഡ്ഡിയെ വീണ്ടും പരിഗണിക്കുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.