നീണ്ട നിയമപോരാട്ടം; മൂന്നു പേരെ കഴുത്തറുത്ത് കൊന്നയാളെ 25 വർഷത്തിനുശേഷം വിട്ടയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: 1994ൽ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ വിരമിച്ച കേണലിനെയും മകനെയും സഹോദരിയെയും കഴുത്തറുത്ത് കൊന്ന കേസിൽ ശിക്ഷയനുഭവിക്കുന്നയാളെ വിട്ടയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. 25 വർഷത്തെ ജയിൽവാസത്തിനും നീണ്ട നിയമപോരാട്ടത്തിനും ശേഷമാണ് ഇയാൾ ജയിലിൽ നിന്നിറങ്ങുന്നത്.

എല്ലാ അപേക്ഷകളും നിരസിച്ച് നേരത്തെ ഇയാൾക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, 2012 മെയ് 8-ന് രാഷ്ട്രപതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 60 വയസ്സ് തികയുന്നതുവരെ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. എന്നാൽ, 2019-ൽ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് വീണ്ടും നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.

കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾക്ക് 14 വയസ്സായിരുന്നു പ്രായം. ശിക്ഷ 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് നിർദേശിക്കുന്നതിലും ഉയർന്ന പരിധിയിലായതിനാൽ ജസ്റ്റിസുമാരായ എം.എം സുന്ദ്രേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.

ഓരോ ഘട്ടത്തിലും രേഖകൾ അവഗണിച്ച കോടതികൾ അനീതി കാണിച്ചുവെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതി ചെയ്ത തെറ്റ് ഒരാളുടെ അവകാശത്തിന് തടസ്സമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതികൾ വരുത്തിയ പിഴവുമൂലം ഹരജിക്കാരൻ കഷ്ടപ്പെടുന്ന കേസാണിത്. സമൂഹത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അയാൾക്ക് നഷ്ടപ്പെട്ട സമയം ഒരിക്കലും വീണ്ടെടുക്കാനാവില്ല -ബെഞ്ച് പറഞ്ഞു.

നീതി സത്യത്തിന്‍റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല. മറ്റെല്ലാ പ്രവർത്തനങ്ങളെയും മറികടക്കുന്ന സത്യമാണിത്. വസ്തുതകൾക്കടിയിൽ മറഞ്ഞിരിക്കുന്ന സത്യം കണ്ടെത്താനുള്ള ഏകമനസ്സോടെയുള്ള പരിശ്രമമാണ് കോടതിയുടെ പ്രാഥമിക കർത്തവ്യം. അതിനാൽ, കോടതി സത്യത്തിന്‍റെ ഒരു സെർച്ച് എൻജിനാണ്. നടപടിക്രമവും നിയമങ്ങളുമാണ് അതിന്‍റെ ഉപകരണങ്ങൾ -കോടതി വ്യക്തമാക്കി.

Tags:    
News Summary - SC orders release of triple murder case convict after 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.