ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ബി.ജെ.പി, എതിർത്ത് പ്രതിപക്ഷം; പാർലമെന്ററി സമിതി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദം

ന്യൂഡൽഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള ബില്ലിൻമേൽ സംയുക്ത പാർലമെന്ററി സമിതിയുടെ ആദ്യ യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദം. ഭരണഘടനയുടെയും ഫെഡറൽ തത്വങ്ങളുടെയും ലംഘനമാണ് ബിൽ എന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തിയപ്പോൾ ജനങ്ങളുടെ അഭിലാഷമാണ് ബിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ജെ.പി എം.പിമാർ അഭിപ്രായപ്പെട്ട​ു. 39 അംഗങ്ങളാണ് സമിതിയിലുള്ളത്.

യോഗത്തി​െന്റ തുടക്കത്തിൽ നിയമ, നീതികാര്യ മന്ത്രി ബില്ലിലെ വ്യക്തകളെക്കുറിച്ച് വിശദീകരിച്ചു. ഒറ്റ തെരഞ്ഞെടുപ്പ് ചെലവ് കുറക്കുമെന്ന വാദം പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാർ ചോദ്യം ചെയ്തു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയമസഭകളെ നേരത്തെ പിരിച്ചുവിടുന്നത് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന വാദം ബി.ജെ.പി എം.പിമാർ എതിർത്തു. ദേശീയ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തുന്നതിന് 1957ൽ ഏഴ് നിയമസഭകൾ നേരത്തെ പിരിച്ചുവിട്ടത് സഞ്ജയ് ജയ്സ്വാൾ ചൂണ്ടിക്കാട്ടി.

ഭരണഘടനാ അസംബ്ലി ചെയർമാൻ കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദും നെഹ്റു സർക്കാരിലേതുൾപ്പെടെയുള്ള മറ്റ് പ്രഗത്ഭ പാർലമെന്റ് അംഗങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ അഭിലാഷത്തി​െന്റ പ്രതിഫലനമാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് മറ്റൊരു ബി.ജെ.പി അംഗം വി.ഡി ​ശർമ്മ പറഞ്ഞു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദി​െന്റ നേതൃത്വത്തിലുള്ള സമിതി 25,000 പേരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഭൂരിഭാഗം പേരും ഒറ്റ തെരഞ്ഞെടുപ്പിനെ പിന്തുണച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭയിൽനിന്ന് 27 അംഗങ്ങളും രാജ്യസഭയിൽനിന്ന് 12 പേരുമാണ് സമിതിയിലുള്ളത്.

Tags:    
News Summary - One Nation, One Election meet: Opposition MPs question simultaneous polls, BJP members defend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.