ന്യൂഡൽഹി: ആഭ്യന്തര വിമാന സർവിസുകളിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ വിവരങ്ങൾ വിശകലനത്തിനായി ശേഖരിക്കാൻ കേന്ദ്ര കാലാവസ്ഥവകുപ്പ് (ഐ.എം.ഡി). ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചർച്ചകർ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം. രവിചന്ദ്രൻ പറഞ്ഞു. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും കാലാവസ്ഥ വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്. രാജ്യത്ത് ആഭ്യന്തര സർവിസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽനിന്ന് ലഭിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കാൻ ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
അന്താരാഷ്ട്ര സർവിസുകൾ നടത്തുന്ന വിമാനങ്ങൾ നിലവിൽ ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇതു നിയമം മൂലം നിഷ്‍കർഷിച്ചിട്ടുള്ളതാണ്. സമാനമായ രീതിയിൽ ആഭ്യന്തര സർവിസുകൾക്കും മാനദണ്ഡം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും രവിചന്ദ്രൻ പറഞ്ഞു.
വിവിധ ഉയരങ്ങളിലെ താപനില, ഈർപ്പം, കാറ്റ് എന്നിവയെക്കുറിച്ച് വിവരശേഖരണത്തിനായി കാലാവസ്ഥാ ബലൂണുകളെയാണ് ഐ.എം.ഡി പ്രധാനമായും ആശ്രയിക്കുന്നത്.
ഇത്തരം ബലൂണുകൾ നാമമാത്രമായുള്ളതോ തീർത്തും ഇല്ലാത്തതോ ആയ പ്രദേശങ്ങളുടെ കാലാവസ്ഥ ഫലപ്രദമായി നിരീക്ഷിക്കാൻ വിമാനങ്ങളിൽനിന്നുള്ള വിവരങ്ങൾ സഹായകമാവുമെന്നാണ് ഐ.എം.ഡി ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.