ന്യൂഡൽഹി: നൂറുകണക്കിന് കർഷകർക്കൊപ്പം ഡൽഹിയിലെ തിക്രി അതിർത്തിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്ന 25കാരി കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മൊമിതയാണ് മരിച്ചതെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തിയവരിൽ മൊമിതയുമുണ്ടായിരുന്നു. തിക്രി അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഏപ്രിൽ 26ന് മൊമിതക്ക് കോവിഡ് രോഗലക്ഷണങ്ങൾ ആരംഭിക്കുകയായിരുന്നു.
ലക്ഷണങ്ങളെ തുടർന്ന് ഏപ്രിൽ 26ന് തന്നെ ഹരിയാനയിലെ ജി.എച്ച് ബഹദൂർഗഡ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ അവിടെ പ്രവേശനം ലഭിച്ചില്ല. തുടർന്ന് റോത്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലെത്തിയിലെത്തിച്ചു. കോവിഡ് രോഗികെളകൊണ്ട് നിറഞ്ഞിരുന്നതിനാൽ മൊമിതയെ അവിടെയും പ്രവേശിപ്പിച്ചില്ല. തുടർന്ന് ബഹദൂർഗഡിലെ ശിവം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ മൊമിതയുടെ ആരോഗ്യനില വഷളാകുകയും വെള്ളിയാഴ്ച രാവിലെയോടെ മരിക്കുകയുമായിരുന്നു.
ആറുമാസത്തോളമായി ഡൽഹിയിലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുകയാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഏർപ്പെടുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.