യോഗിയുടെ സോഷ്യൽ മീഡിയ ടീമംഗം ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കി; പൊലീസ്​ കേസെടുക്കുന്നില്ലെന്ന്​ കുടുംബം

ലഖ്‌നോ: യോഗി ആദിത്യ നാഥ്​ ഭരിക്കുന്ന ഉത്തർ പ്രദേശിൽ സർക്കാറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട്​ കൈകാര്യം ചെയ്ത യുവാവ്​ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കി. മരണത്തിനുത്തരവാദികളായ ചിലരുടെ പേര്​ ആത്മഹത്യകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ട്​ ഇതുവ​െ​ര കേസെടുത്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

യു.പി ഇൻഫർമേഷൻ വകുപ്പിന്​ കീഴിലുള്ള സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ്​ ശ്രീവാസ്തവ (27) ബുധനാഴ്ചയാണ്​ ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്​തത്​. ചിലരുടെ മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. രണ്ട് മുതിർന്ന ഉദ്യോഗസ്​ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായാണ്​ ആത്മഹത്യാക്കുറിപ്പിലുള്ളത്​. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അത്തരമൊരു കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന്​ പൊലീസ് അറിയിച്ചു.

"യു.പി സർക്കാർ സോഷ്യൽ മീഡിയ ടീമിൽ ജോലി ചെയ്തിരുന്ന എന്‍റെ മോൻ ആത്മഹത്യ ചെയ്തു. ജോലിയുടെ പേരിൽ അവൻ കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വീട്ടലിരുന്നായിരുന്നു ജോലി. സമ്മർദം കാരണം മിക്കപ്പോഴും ഭക്ഷണം പോലും നേരാംവണ്ണം കഴിച്ചിരുന്നില്ല. ചില ദിവസങ്ങളിൽ വൈകീട്ടാണ്​ അവൻ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്​. മേലുദ്യോഗസ്​ഥരുടെ പീഡന​ത്തെക്കുറിച്ച് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കൊണ്ടുപോയി. ഞങ്ങൾക്ക് നീതി കിട്ടണം. നീതി നൽകണമെന്ന് ഞങ്ങൾ യോഗിജിയോട് അഭ്യർഥിക്കുന്നു" -പാർത്ഥിന്‍റെ മാതാവ്​ രമ ശ്രീവാസ്തവ 'ദ പ്രിന്‍റി'നോട്​ അമ്മ പറഞ്ഞു.

പാർത്ഥ്​ ആത്മഹത്യാക്കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത്​ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും പാർത്ഥിന്‍റെ സഹോദരി ശിവാനി പറഞ്ഞു. എന്നാൽ, പാർത്ഥിന്‍റെ ഫോൺ പിടിച്ചെടുത്ത പൊലീസ്​ പിന്നീട്​ ഈ കുറിപ്പ് ട്വിറ്ററിൽനിന്ന്​ നീക്കം ചെയ്തതായും ശിവാനി ആരോപിച്ചു.

അതേസമയം, പാർത്ഥ്​ തങ്ങളുടെ ജീവനക്കാരനല്ലെന്ന്​ യുപി സർക്കാരിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയായ 'ബെസിൽ' പറഞ്ഞു. "അദ്ദേഹം ഞങ്ങളുടെ ജീവനക്കാരുടെ പട്ടികയിലില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്​തിരിക്കാം. അദ്ദേഹം ചിലപ്പോൾ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ടീമുമായിട്ടായിരിക്കും ബന്ധപ്പെട്ടിരിക്കുക" -ബെസിൽ ചീഫ് മാനേജിംഗ് ഡയറക്ടർ ജോർജ് കുരുവിള പറഞ്ഞു.

ഇതേകുറിച്ച്​ അന്വേഷിക്കാൻ യുപി ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശിശിർ സിങ്ങുമായി ബന്ധപ്പെ​ട്ടെങ്കിലും ഫോൺ എടുക്കുകയോ മെസേജിന്​ മറുപടി നൽകുകയോ ചെയ്​തില്ലെന്ന്​ 'ദ പ്രിന്‍റ്' അറിയിച്ചു. "സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിനായി രണ്ട് ടീമുകളാണ്​ ഉണ്ടായിരുന്നത്​. ഒരുടീം മുഖ്യമന്ത്രിയുടെ ഓഫീസായ ലോക് ഭവനിലും മറ്റൊന്ന് ഇൻഫർമേഷൻ ഡയറക്ടറേറ്റിലും. അവർ സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രതിനിധികളാണ്​. വകുപ്പ്​ ജീവനക്കാരല്ല. ഞങ്ങൾക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല" -ഇൻവർമേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.

അതേസമയം, പാർത്ഥിന്‍റെ കുടുംബം രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും​ അതിനാൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ലഖ്‌നോ ഇന്ദിര നഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജയ് ത്രിപാഠി പറഞ്ഞു."മകൻ ആത്മഹത്യ ചെയ്തുവെന്ന് മാത്രമാണ്​ അവർ ഞങ്ങളോട് പറഞ്ഞത്​. അവർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു, അവിടെ വെച്ച്​ മരണം സ്​ഥിരീകരിച്ചതായും അറിയിച്ചു" -ത്രിപാഠി പറഞ്ഞു. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും പരാതി ലഭിച്ചാൽ ഞങ്ങൾ കേസ്​ രജിസ്റ്റർ ചെയ്യുമെന്നും ലഖ്‌നോ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (നോർത്ത്) റയീസ് അക്തർ പറഞ്ഞു.

എന്നാൽ, വിവരം പൊലീസിൽ അറിയിച്ചിരുന്നുവെന്നും ഇപ്പോൾ കുടുംബത്തിലെ ആണുങ്ങളെല്ലാം മകന്‍റെ അന്ത്യകർമം ചെയ്യാൻ കാൺപൂർ ഗംഗാ ഘട്ടിലേക്ക് പോയിരിക്കുകയാണെന്നും മാതാവ്​ രമ ശ്രീവാസ്തവ പ്രതികരിച്ചു. 'എഫ്‌.ഐ‌.ആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ്​ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പൊലീസിന് മുന്നിൽ പോയി നീതിക്കായി പോരാടാനുള്ള മാനസികാവസ്ഥയിലല്ല ഞങ്ങൾ. അന്ത്യകർമം കഴിഞ്ഞ്​ അവർ മടങ്ങിയെത്തിയാൽ രേഖാമൂലം പരാതി നൽകും'' -അവർ പറഞ്ഞു.

അതിനിടെ, പാർത്ഥിന്​ നീതി തേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്​. 'ജസ്റ്റിസ് ഫോർ പാർത്ഥ്​' എന്ന പേരിലാണ്​ കാമ്പയിൻ നടത്തുന്നതെന്ന്​ സുഹൃത്തുകളിലൊരാളായ ആശിഷ് പാണ്ഡെ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പാർത്ഥിന്‍റെ ആത്മഹത്യാക്കുറിപ്പിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. ഈ കാമ്പയിന്​ പിന്തുണയുമായി മുൻ ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ സൂര്യ പ്രതാപ് സിങ്ങ്​ അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്​. 

Tags:    
News Summary - 27-year-old handling Yogi govt’s social media commits suicide, kin allege harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.