29 വർഷത്തെ നിയമ പോരാട്ടം; പൊലീസ് കസ്റ്റഡിയിൽനിന്ന് ഹനുമാൻ പ്രതിമക്ക് മോചനം

പട്ന: 29 വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് ‘ഹനുമാൻ’ പ്രതിമക്ക് മോചനം. ബിഹാറിലെ ബോജ്പൂരിലെ ക്ഷേത്രത്തിൽനിന്ന് മോഷണം പോയ ഹനുമാന്റെ അഷ്ടലോഹ നിർമിത പ്രതിമയാണ് വിശ്വാസികൾക്ക് തിരികെ ലഭിച്ചത്. മൂന്ന് പതിറ്റാണ്ടോളം ബോജ്പൂരിലെ പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

1994 മേയ് 29ന് ഗുണ്ടി ഗ്രാമത്തിലെ ശ്രീ രംഗനാഥ് ക്ഷേത്രത്തിൽനിന്നാണ് ഹനുമാന്റേതടക്കം രണ്ട് അഷ്ടലോഹ വിഗ്രഹങ്ങൾ മോഷണം പോയത്. തുടർന്ന് ക്ഷേത്ര പൂജാരി ജ്ഞാനേശ്വർ ദ്വിവേദി പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രദേശത്തെ കിണറ്റിൽനിന്ന് വിഗ്രഹങ്ങൾ കണ്ടെത്തുകയായിരുന്നു. അന്ന് മുതൽ പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിലാണ് ഇവ സൂക്ഷിച്ചിരുന്നത്.


കണ്ടെടുത്ത എല്ലാ വിഗ്രഹങ്ങളും ട്രസ്റ്റിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് ബോർഡും (ബി.എസ്.ആർ.ടി.ബി) പട്‌ന ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിഗ്രഹങ്ങൾ തിരികെ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

കോടതി വിധി വന്നതോടെ ഭക്തർ പൊലീസ് സ്റ്റേഷനിൽനിന്ന് ഘോഷയാത്രയായി വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇരു വിഗ്രഹങ്ങളും ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിക്കും. ബി.എസ്.ആർ.ടി.ബി മുൻ ചെയർമാൻ ആചാര്യ കിഷോർ കുനാൽ, അഡ്വ. അജിത് കുമാർ ദുബെ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ പോരാട്ടം നടന്നത്.    

Tags:    
News Summary - 29 years of legal battle; Hanuman released from police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.