ന്യൂഡൽഹി: 2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് യു.പി.എ സർക്കാറിനെതിരെ നടന്ന സംഘടിതപ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. ഒരുതരത്തിലുമുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. വിധി സ്വയം സംസാരിക്കുന്നതാെണന്നും അത് വ്യക്തവുമാെണന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ നടത്തിയ ദുഷ്പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാറിലെ ഉന്നതർക്കെതിരായ ആരോപണം തെറ്റാണെന്ന് സ്ഥാപിക്കെപ്പട്ടതായി മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. വർഷങ്ങളായി കോൺഗ്രസിനെതിരെ നുണപ്രചാരണം നടത്തിയ ബി.ജെ.പി തുറന്നുകാട്ടപ്പെട്ടതായും പ്രധാനമന്ത്രിയും ധനമന്ത്രിയും പരസ്യമായി മാപ്പുപറയണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
കംട്രോളർ^ഒാഡിറ്റർ ജനറൽ വിനോദ് റായ് അടക്കമുള്ളവരുടെ വിശ്വാസ്യതക്കും മങ്ങലേറ്റു. ഇടപാടിൽ അഴിമതിയില്ലെന്ന തെൻറ വാദം സാധൂകരിക്കപ്പെട്ടതായി മുൻ ടെലികോം മന്ത്രി കപിൽ സിബൽ പറഞ്ഞു. ‘‘അത് നുണയുടെ കുംഭകോണമായിരുന്നു. അന്നത്തെ പ്രതിപക്ഷവും വിനോദ് റായിയുമെല്ലാം നുണ പറയുകയായിരുന്നു, വിനോദ് റായ് മാപ്പുപറയണം’’ -സിബൽ പറഞ്ഞു.
വിധി ഒരു ബഹുമതിയായി കോൺഗ്രസ് എടുക്കരുതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. നഷ്ടമുണ്ടായിട്ടില്ലെന്ന കോൺഗ്രസ് നിലപാട്, 2012ൽ സ്പെക്ട്രം ഇടപാട് സുപ്രീംകോടതി റദ്ദാക്കിയതോടെ പൊളിഞ്ഞതാണ്. അന്വേഷണഏജൻസികൾ കേസ് പഠിച്ച് തുടർനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.