ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമസിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. കലാവതി സരണ്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടികൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ഡോക്ടര്‍മാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാർ ഉത്തരവിട്ടു.

ഡെക്സോമെതർഫോൺ എന്ന കഫ് സിറപ്പാണ് കുട്ടികൾ കഴിച്ചത്. ജൂൺ 29നും നവംബർ 1നും ഇടയിൽ ഒന്നിനും ആറിനും ഇടയിൽ വയസ്സുള്ള 16 കുട്ടികളാണ് കഫ്സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയതെന്ന് കലാവതി സരൺ ആശുപത്രി അധികൃതർ അറിയിച്ചു.

'മിക്ക കുട്ടികള്‍ക്കും ശ്വാസം തടസമാണ് നേരിട്ടത്. മരിച്ച മൂന്ന് കുട്ടികളും അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്' കലാവതി സരണ്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ജൂലായ് ഒന്നിന് ആശുപത്രി അധികൃതര്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒക്ടബോറില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബി.ജെ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ഡെക്സ്ട്രോമെത്തോര്‍ഫാന്‍. അനാവശ്യ ഉപയോഗത്തില്‍ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ഈ മരുന്ന്. കൂടിയ ഡോസിലുള്ള മരുന്ന ഉപയോഗമാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് സൂചന.

Tags:    
News Summary - 3 Children Die After Consuming Cough Syrup Prescribed By Delhi Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.