ന്യൂഡൽഹി: നീറ്റ് യു.ജിയിൽ ചോദിച്ച ഫിസിക്സിലെ വിവാദ ചോദ്യത്തിന് ഒരു ശരിയുത്തരം മാത്രമാണുള്ളതെന്ന് വിഷയം പഠിക്കാൻ നിയോഗിച്ച ഡൽഹി ഐ.ഐ.ടിയിലെ മൂന്നംഗ സമിതി അറിയിച്ചു. രണ്ട് ശരിയുത്തരമില്ല.
ഒപ്ഷൻ നാലാണ് ശരിയുത്തരമെന്ന് ഐ.ഐ.ടി ഫിസിക്സ് വിഭാഗത്തിലെ സമിതി അറിയിച്ചു. ‘ഒന്നാമത്തെ പ്രസ്താവന ശരിയാണ്, രണ്ടാമത്തെ പ്രസ്താവന തെറ്റാണ്’ എന്ന നാലാമത്തെ ഒപ്ഷനാണ് ശരിയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതനുസരിച്ച് ദേശീയ പരീക്ഷ ഏജൻസിയുടെ (എൻ.ടി.എ) ഉത്തരസൂചിക ശരിയാണ്.
ഫിസിക്സ് ഭാഗത്തിലെ ചോദ്യത്തിന് രണ്ടുത്തരം ശരിയായത് പരിശോധിക്കാൻ ഡൽഹി ഐ.ഐ.ടിയുടെ മൂന്നംഗ സമിതിയോട് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി നിർദേശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി സമിതി റിപ്പോർട്ട് നൽകണമെന്നും അറിയിച്ചിരുന്നു. പരീക്ഷ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിക്കണമെന്ന് എൻ.ടി.എയോട് ജൂലൈ 18ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
തുടർന്ന്, ചിലയിടങ്ങളിൽ അസാധാരണമായ വിധം വിദ്യാർഥികൾക്ക് മാർക്ക് ലഭിച്ചതായി വ്യക്തമായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിലുള്ള ആർ.കെ യൂനിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് സെന്ററിൽ പരീക്ഷ എഴുതിയ 85 ശതമാനം പേരും യോഗ്യത നേടി.
12 വിദ്യാർഥികൾ 700ലധികം മാർക്ക് നേടി. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അറസ്റ്റിലായ ഝാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലെ 701 പേർ പരീക്ഷ എഴുതി. ഇതിൽ 22 പേർക്കാണ് 600ന് മുകളിൽ മാർക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.