ശ്രീനഗർ: മണ്ഡല പുനർനിർണയം നടത്തി നിയമസഭ സീറ്റുകൾ വർധിപ്പിക്കാനുള്ള അതിർത്തി നിർണയ കമീഷൻ നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിന് തടയിടാൻ ഭരണകൂടം. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്ത്തി, ഒമർ അബ്ദുല്ല എന്നിവരെ വീട്ടുതടങ്കലിലാക്കി.
ശ്രീനഗറിലെ അതീവ സുരക്ഷ മേഖലയായ ഗുപ്കർ റോഡിൽ ഇവരുടെ വീടുകൾക്ക് മുന്നിൽ വലിയ ട്രക്കുകൾ നിർത്തിയിട്ടിരിക്കുകയാണ്. ആരെയും വീട്ടിനകത്തേക്ക് കടത്തിവിടുകയോ, പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. ജമ്മു-കശ്മീരില്‍ നിയമസഭ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള അതിര്‍ത്തി നിര്‍ണയ കമീഷൻ നിര്‍ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജമ്മു ഡിവിഷനില്‍ ആറ് സീറ്റുകളും കശ്മീര്‍ മേഖലയില്‍ ഒരു സീറ്റും വര്‍ധിപ്പിക്കാനാണ് കമീഷന്‍ ശുപാര്‍ശ ചെയ്തത്.
നീക്കത്തിനെതിരെ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഗുപ്കർ സഖ്യം പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. പിൻവാതിലിലൂടെ അധികാരം പിടിക്കാനുള്ള കുടില തന്ത്രമായാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും നീക്കത്തെ കാണുന്നത്.
വീടിനു മുമ്പിൽ സുരക്ഷ ജീവനക്കാർ തമ്പടിച്ചിരിക്കുന്നതിന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് ഒമർ ഒബ്ദുല്ലയുടെ പുതുവത്സര ട്വീറ്റ്. 'സുപ്രഭാതം, 2022ലേക്ക് സ്വാഗതം. ജനങ്ങളെ അവരുടെ വീടുകളിൽ നിയമവിരുദ്ധമായി പൂട്ടിയിട്ടിരിക്കുന്ന അതേ ജമ്മു-കശ്മീർ പൊലീസും സാധാരണ ജനാധിപത്യ പ്രവർത്തനങ്ങളെ ഭയക്കുന്ന ഭരണകൂടവും ഉള്ള ഒരു പുതുവർഷം. ഞങ്ങളുടെ ഗേറ്റിന് പുറത്ത് ട്രക്കുകൾ പാർക്ക് ചെയ്‌ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള നീക്കത്തെ തകർക്കുകയാണ്. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല' -ട്വിറ്ററിൽ ഒമർ അബ്ദുല്ല കുറിച്ചു.
ജമ്മു-കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ നാഷനൽ കോൺഫറൻസ്, പീപ്പ്ൾസ് ഡെമോക്രാറ്റിക് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ഗുപ്കർ റോഡിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.