ന്യൂഡല്‍ഹി: നൂറു വർഷത്തോളമായി ഡല്‍ഹി നിസാമുദ്ദീനിലുള്ള തബ്ലീഗ് ജമാഅത്തിെൻറ ആഗോള ആസ്ഥാനത്ത് (ആലമീ മര്‍കസ്) ലോകമെമ്പാടുമുള്ളവർ 3-5 ദിവസത്തിൽ കൂടാത്ത മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കാണ് വരാറുള്ളത്. ആറു നില കെട്ടിടത്തില്‍ ആത്മീയ കാര്യങ്ങള്‍ക്കായി പതിനായിരത്തോളം പേര്‍ക്ക് താമസിക്കാം. വര്‍ഷം തോറും നടക്കാറുള്ള അന്തര്‍ദേശീയ സംഗമം (ആലമീ മശ്വറ) മാര്‍ച്ച് 10നാണ് അവസാനിച്ചത്. അതിനു ശേഷം രണ്ട് സംസ്ഥാനങ്ങളുടെ സംഗമങ്ങളിലും ആയിരത്തിലേറെ പേർ പങ്കെടുത്തു. എല്ലാം കഴിഞ്ഞ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവശേഷിച്ചത് 2500ഒാളം പേരായിരുന്നു. അതില്‍ മൂന്നു പേര്‍ക്ക് ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചു. മടങ്ങിപ്പോയവരിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് മര്‍കസും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കിയത്. ചൊവ്വാഴ്ച വൈകീട്ടും മർകസിൽ കഴിയുന്നവർ എന്താണ് അവിടെ നടന്നതെന്ന് ‘മാധ്യമ’ത്തോട് പറഞ്ഞതാണ് ചുവടെയുള്ളത്.
തമിഴ്നാട്ടില്‍നിന്ന് വന്നവരില്‍ കുടുങ്ങിയത് 500ല്‍പരം പേരാണ്. രണ്ടുമാസത്തെ പ്രചാരണ പ്രവർത്തനത്തിന് പുറപ്പെടാൻ മാര്‍ച്ച് ഒമ്പതിനാണ് തമിഴ്നാട്ടിൽനിന്ന് ഇവർ വന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തമിഴ്നാട്ടുകാരാണ് കൂടുതല്‍ മര്‍കസില്‍ വരാറുള്ളത്. ഒമ്പതിനും പത്തിനും ആഗോള സംഗമത്തിൽ പങ്കെടുത്തു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ സംഗമിച്ചിരുന്നു. 14, 15, 16 തീയതികളില്‍ ആന്ധ്രപ്രദേശിലെ തബ്ലീഗ് പ്രവര്‍ത്തകരുടെ സംഗമമായിരുന്നു. അതിന് വന്ന 1200 പേരും അവരവരുടെ നാടുകളിലേക്ക് മടങ്ങി. തമിഴ്നാട്ടില്‍നിന്നുള്ള 1200ലേറെ പേര് 18നാണ് വന്നത്. തമിഴ്നാട്ടുകാര്‍ക്ക് മാത്രമായി 21, 22, 23, 24 തീയതികളിലുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. ആ പരിപാടിക്ക് വന്ന 750ഒാളം പേര് തിരികെ നാട്ടില്‍ പോയെങ്കിലും അവശേഷിക്കുന്ന 450ഒാളം പേര് ലോക്ഡൗണ്‍ കാരണം പോകാന്‍ കഴിയാതെ മര്‍കസിലുണ്ടായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഡല്‍ഹി സര്‍ക്കാര്‍ അവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
അവരെ കൂടാതെ രണ്ടു മാസത്തേക്ക് വീട്ടില്‍നിന്ന് പോന്ന തമിഴ്നാട്ടില്‍നിന്നുള്ള 85 പേര് ഇപ്പോഴും മര്‍കസിലുണ്ട്. നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയാല്‍ പോകാനാണ് മര്‍കസില്‍നിന്ന് പറഞ്ഞത്. തങ്ങള്‍ക്കും തമിഴ്നാട്ടില്‍നിന്നുള്ള 450 പേര്‍ക്കുമായി വിമാനം ഏര്‍പ്പാടാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി മുസ്ലിം ലീഗ് എം.പി നവാസ് കനി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മര്‍കസില്‍ കുടുങ്ങിയവരെ ഡല്‍ഹിയില്‍തന്നെ നിര്‍ത്തിയാല്‍ മതിയെന്നും തമിഴ്നാട്ടിലേക്ക് ഇപ്പോള്‍ കൊണ്ടുവരാനാവില്ലെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞതെന്ന് നവാസ് കനി എം.പിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.