പ്രതീകാത്മക ചിത്രം

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദിച്ചു; കശ്മീരിൽ 16 സൈനികർക്കെതിരെ കേസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ടെറിട്ടോറിയൽ ആർമിയിലെ മൂന്ന് ലെഫ്റ്റനന്‍റ് കേണൽമാർ ഉൾപ്പെടെ 16 സൈനികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു.

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട്, ടെറിട്ടോറിയൽ ആർമി ജാവാന്‍റെ വീട്ടിൽ ചൊവ്വാഴ്ച പൊലീസ് പരിശോധന നടത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് രാത്രി 9.30നു ശേഷം സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്നും, യാതൊരു പ്രകോപനവുമില്ലാതെ പൊലീസുകാരെ ക്രൂരമായി മർദിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. കുപ്‌വാര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സൈനിക സംഘം പൊലീസുകാരെ റൈഫിളും വടികളും ഉപയോഗിച്ച് മർദിക്കുകയും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ കോൺ​സ്റ്റബിൾമാരായ സലീം മുഷ്താഖ്, സഹൂർ അഹ്മദ്, സ്പെഷൽ പൊലീസ് ഓഫീസർമാരായ ഇംതിയാസ് അഹ്മദ് മാലിക്, റയീസ് ഖാൻ എന്നിവരെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പൊലീസുകാരെ ആക്രമിച്ചെന്ന വാർത്ത കരസേന നിഷേധിച്ചു. പൊലീസുകാരെ മർദിച്ചെന്ന വിവരം തെറ്റാണെന്നും, ഒരു ദൗത്യവുമായി ബന്ധപ്പെട്ട് ചെറിയ തർക്കമുണ്ടാവുക മാത്രമാണ് ചെയ്തതെന്നും പ്രതിരോധ വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിൽ കലാപം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - 3 Lt Col among 16 booked for attacking Kupwara police station, assaulting cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.