ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ മൂന്നു ദിവസത്തിനിടെ 30 വിദ്യാർഥികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നേരിയ അണുബാധയായതിനാൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം രോഗബാധിതരെ തരമണിയിലെ ഐ.ഐ.ടി ഹോസ്റ്റലിൽ ക്വാറന്‍റീനിലാക്കി. ഐ.ഐ.ടി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടേക്കുമെന്നാണ് ആരോഗ്യ അധികൃതരുടെ നിഗമനം.
പ്രത്യേക സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ സ്ഥാപനത്തിലെത്തി ചികിൽസ-പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
രോഗബാധിതരായ ചില വിദ്യാർഥികൾ സിംപോസിയങ്ങളിലും വർക്ഷോപ്പുകളിലും പങ്കെടുത്തിരുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ 12 പേരിലാണ് രോഗം കണ്ടെത്തിയത്. പിന്നീട് 666 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതിൽ 18 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും ഐ.ഐ.ടിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മൂവായിരത്തോളം പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
2020-ൽ ഐ.ഐ.ടിയിൽ 180 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ പൊതുഇടങ്ങളിൽ മുഖകവചം ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് രാധാകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.