ന്യൂഡൽഹി: 30 വർഷം മുമ്പ് പിതാവ് മാധവറാവു സിന്ധ്യ ഭരിച്ച കേന്ദ്ര വ്യോമയാന വകുപ്പ് ഇപ്പോൾ മകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈകളിലേക്ക്. അച്ഛൻ കോൺഗ്രസുകാരനായാണ് മന്ത്രിപദത്തിലേറിയതെങ്കിൽ മകൻ ബി.ജെ.പി ടിക്കറ്റിലാണെന്നുമാത്രം.
കോവിഡ് ഒന്നാംതരംഗത്തിനിടെ നടന്ന കുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിൽ ബി.ജെ.പിക്ക് ഭരണം നേടിക്കൊടുത്തതിന്‍റെ പ്രതിഫലമായാണ് ജ്യോതിരാദിത്യക്ക് മന്ത്രിക്കസേര ലഭിച്ചത്. ബുധനാഴ്ച രാത്രി വൈകിയാണ് വകുപ്പ് വ്യോമയാനമാണെന്ന വിവരം പുറത്തുവന്നത്. പി.വി. നരസിംഹറാവു സർക്കാരിൽ പിതാവ് മാധവറാവു സിന്ധ്യ കൈകാര്യം ചെയ്ത അതേ വകുപ്പ്. 1991 മുതൽ 1993 വരെ അദ്ദേഹം വ്യോമയാന, ടൂറിസം മന്ത്രിയായിരുന്നു.
രാജ്യം ഉദാരവൽക്കരണത്തിലേക്ക് കാലെടുത്തുവെച്ച '91ൽ രാഷ്ട്രീയ, സാമ്പത്തിക മേഖല മാറിമറിയുന്ന ഘട്ടത്തിലായിരുന്നു മാധവറാവു സിന്ധ്യക്ക് വ്യോമയാനം ലഭിച്ചത്. ഇപ്പോൾ, കോവിഡ് പ്രതിസന്ധിയിൽ ആകാശയാത്രയും അനുബന്ധ വ്യവസായ മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുേമ്പാൾ പ്രസ്തുത വകുപ്പ് മകൻ ജ്യോതിരാദിത്യയുടെ ചുമതലയിലായി.
വ്യോമയാന മന്ത്രിയാകുന്നതിന് മുമ്പ് ഇരുവരും മറ്റുവകുപ്പുകളിൽ കേന്ദ്രമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സർക്കാരിൽ റെയിൽവേ മന്ത്രിയായാണ് മാധവറാവു പ്രവർത്തിച്ചതെങ്കിൽ മൻമോഹൻ സിംഗ് സർക്കാരിൽ വാർത്താവിനിമയ, ഐടി മന്ത്രിയായാണ് ജ്യോതിരാദിത്യ പ്രവർത്തിച്ചത്. തപാൽ സംവിധാനം പുനരുജ്ജീവിപ്പിച്ചതിന്‍റെ ക്രെഡിറ്റും ജ്യോതി സ്വന്തമാക്കിയിരുന്നു.
തങ്ങൾ അതുവരെ െകാണ്ടുനടന്ന രാഷ്ട്രീയ ആശയത്തിൽനിന്ന് വഴിമാറി സഞ്ചരിച്ചാണ് ഇരുവരും മന്ത്രിമാരായതെന്ന യാദൃശ്ചികതയും ഇവർക്കിടയിലുണ്ട്. കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് മാധവറാവു ബി.ജെ.പിയുടെ പ്രഥമരൂപമായ ജനസംഘത്തിന്‍റെ നേതാവായിരുന്നു. പിന്നീടാണ് കോൺഗ്രസിലെത്തിയത്. എന്നാൽ, മകൻ ജ്യോതിരദിത്യയാകട്ടെ, കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ബിജെപിയിൽ ചേരുകയായിരുന്നു.
റെയിൽവേ മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാധവറാവു, വ്യോമയാന വകുപ്പിൽ വളരെ മോശം സ്കോറിങ്ങാണ് നേടിയത്. ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ കൊണ്ടുവന്നതുൾപ്പെടെയുള്ള ശ്രദ്ധേയമായ കാൽവെപ്പുകളാണ് അദ്ദേഹം റെയിൽവേയിൽ നടപ്പാക്കിയത്. എന്നാൽ, റെയിൽവേയിലെ വിജയം വ്യോമയാനത്തിലും ആവർത്തിക്കാമെന്ന അദ്ദേഹത്തിന്‍റെ പ്രതീക്ഷ ഇന്ത്യൻ എയർലൈൻസ് ഉദ്യോഗസ്ഥരുടെ നിരന്തര പ്രക്ഷോഭത്തിൽ തകർന്നടിഞ്ഞു. കൂടാതെ, വിമാനാപകടത്തെ തുടർന്ന് മൂന്നാംവർഷം അദ്ദേഹം മന്ത്രി സ്ഥാനം രാജിവക്കുകയും ചെയ്തു.
കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വ്യോമാതിർത്തികൾ അടഞ്ഞു കിടക്കുന്ന കടുത്ത പ്രതിസന്ധി ഘട്ടത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് ഭരണം ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുേമ്പാൾ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള യാത്രക്കാരുടെ എണ്ണം 13 ശതമാനത്തിലധികമാണ് കുറഞ്ഞത്. പിതാവ് തോൽവി സമ്മതിച്ച് അടിയറവ് പറഞ്ഞ ഒരുവകുപ്പ് മകൻ ജ്യോതിരാദിത്യ സിന്ധ്യ എങ്ങിനെ കൈകാര്യംചെയ്യുമെന്ന് വരുംനാളുകളിൽ കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.