ഗുവാഹത്തി: പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച ‘റിമാൽ’ ചുഴലിക്കാറ്റിൽ വ്യാപക നാശം. നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴയിലും മണ്ണിടിച്ചിലിലും 36 പേർ മരിച്ചു. മിസോറാമിൽ 27 പേരും നാഗാലാൻഡിൽ നാലും അസമിൽ മൂന്നും മേഘാലയയിൽ രണ്ടുപേരുമാണ് മരിച്ചത്. ശക്തമായ മഴയിൽ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി. വൈദ്യുതി, ഇന്‍റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു.
മിസോറാമിൽ ഐസ്വാൾ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന കല്ല് ക്വാറിയിൽ 27 പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. ഐസ്വാളിലെ മെൽത്തമിനും ഹ്ലിമെനും ഇടയിലുള്ള ക്വാറി സൈറ്റിൽ നിന്ന് ഇതുവരെ 21 മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും ദുരന്തനിവാരണസേനയും പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ജില്ലയിലെ സേലം, ഐബോക്ക്, ലുങ്‌സെ, കെൽസിഹ്, ഫാൽകൗൺ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ആറ് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.
നാഗാലാൻഡിൽ വിവിധ സംഭവങ്ങളിൽ കുറഞ്ഞത് നാല് പേർ മരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 40 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വോഖ ജില്ലയിലെ ഡോയാങ് ഡാമിൽ നിന്ന് രണ്ട് മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസമിൽ കാംരൂപ്, കാംരൂപ് (മെട്രോ), മോറിഗാവ് ജില്ലകളിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എ.എസ്.ഡി.എം.എ)യുടെ കണക്കനുസരിച്ച് സോനിത്പൂർ ജില്ലയിലെ ധെകിയാജുലിയിൽ സ്‌കൂൾ ബസിനു മുകളിൽ മരക്കൊമ്പ് വീണ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന്‍റെ കീഴിലുള്ള ന്യൂ ഹാഫ്‌ലോംഗ്-ജതിംഗ ലാംപൂർ സെക്ഷനും ഡിറ്റോക്‌ചെറ യാർഡും ഇടയിലുള്ള വെള്ളക്കെട്ട് കണക്കിലെടുത്ത് പല ട്രെയിനുകളും റദ്ദാക്കുകയും റീഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മേഘാലയയിൽ കനത്ത മഴയിൽ രണ്ട് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിർത്താതെ പെയ്ത മഴയിൽ 17 ഗ്രാമങ്ങളിൽ ഒട്ടേറെ വീടുകൾ തകർന്നു. ഷില്ലോംഗ്-മാവ്‌ലായ് ബൈപാസിലും ഓക്‌ലൻഡിലെ ബിവാർ റോഡിലും മണ്ണിടിച്ചിലുണ്ടായി. ത്രിപുരയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിലും കനത്ത മഴയിലും 470 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 750 പേരെ വിവിധ ജില്ലകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.