ഡി.കെ. ശിവകുമാർ

നാലു ശതമാനം സംവരണം മുസ്‍ലിംകൾക്ക് മാത്രമാണെന്ന് ആരാണ് പറഞ്ഞത്? ബി.ജെ.പിയുടെ ആ​​രോപണത്തിന് മറുപടിയുമായി ഡി.കെ. ശിവകുമാർ

ബംഗളൂരു: സർക്കാറിന്റെ നിർമാണ കരാറുകളിൽ മുസ്‍ലിം വിഭാഗത്തിന് നാലു​ശതമാനം സംവരണം നൽകാനുള്ള സിദ്ധരാമയ്യ സർക്കാറിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. നടപടി മുസ്‍ലിം പ്രീണനമാണെന്നാരോപിച്ച് ബി.ജെ.പി രംഗത്ത് വന്നിരുന്നു. ഇതിനു മറുപടിയുമായാണ് ഡി.കെ. ശിവകുമാർ രംഗത്തുവന്നത്. തൊഴിലിലോ, വിദ്യാഭ്യാസത്തിലോ അല്ല, മറിച്ച് ഒരു കോടിയോളം മൂല്യം വരുന്ന സർക്കാർ പ്രോജക്ടുകളിലാണ് സംവരണമെന്നും ഡി.കെ. വ്യക്തമാക്കി.

എന്നാൽ ഇക്കാര്യത്തിൽ നാലുശതമാനം സംവരണം മുസ്‍ലിംകൾക്കു മാത്രമല്ലെന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭിക്കുമെന്നും ശിവകുമാർ പറഞ്ഞു. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് റിക്രൂട്മെന്റ് (കെ.ടി.പി.പി) നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു.

''നാലുശതമാനം സംവരണം മുസ്‍ലിം വിഭാഗത്തിന് മാത്രമാണെന്ന് ആരാണ് പറഞ്ഞത്. സംവരണം ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നൽകാനാണ് സർക്കാർ തീരുമാനം. ക്രിസ്ത്യാനികൾ, ജൈനർ, പാഴ്സികൾ, സിഖുകാർ എന്നിവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കും.​''-എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.

പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് നിർമാണ കരാറുകളിൽ സംവരണം നൽകാനുള്ള നിയമഭേദഗതി നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു കോടി രൂപയിൽ താഴെയുള്ള പദ്ധതികൾക്കാണ് സംവരണം ബാധകമാവുക. വലിയ പദ്ധതികൾക്ക് സംവരണം ലഭിക്കില്ല. ഞങ്ങൾ ആരുടെയും അവകാശം കവരുന്നില്ല. എന്നാൽ മറ്റുള്ളവരുടെയും ജീവിത സുരക്ഷ ഉറപ്പുവരുത്തും.

രണ്ടുകോടിയിൽ താഴെയുള്ള കരാറുകളിൽ മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള കരാറുകാർക്ക് നാലു ശതമാനം സംവരണം നൽകാനായി നിയമം ഭേദഗതി ചെയ്തുവെന്നായിരുന്നു കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. നേരത്തേ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടത്തിയിരുന്നു. എന്നാൽ ന്യൂനപക്ഷ-പിന്നാക്ക-ദലിത് വിഭാഗങ്ങൾക്ക് കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്‍ലിം വിഭാഗം സിദ്ധരാമയ്യ സർക്കാറിന് നേരത്തേ നിവേദനം നൽകിയിരുന്നു.

Tags:    
News Summary - 4% Quota Not Only For Muslims says DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.