ന്യൂഡൽഹി: മയൂർ വിഹാറിലെ ക്രൈസ്തവ ദേവാലയത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. ബൈക്കിലെത്തിയയാൾ രൂപക്കൂട് എറിഞ്ഞു തകർത്തു. നേരെ ഇഷ്ടിക എറിയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
മയൂർ വിഹാറിലെ ഫേസ്-1 പ്രതാപ് നഗറിലെ സെന്റ് മേരീസ് പള്ളിക്കുനേരെ ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായത്. ഇഷ്ടിക കൊണ്ടുള്ള ഏറിൽ രൂപക്കൂടിന്റെ ചില്ല് തകർന്നു. ഇതേതുടർന്ന് മാതാവിന്‍റെ രൂപം മറ്റൊരിടത്തേക്ക് മാറ്റി. പള്ളി അധികൃതരെത്തി പുതിയ ചില്ല് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.
ബൈക്കിലെത്തിയയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ഇയാളെ അറിയില്ലെന്നുമാണ് പള്ളക്കുസമീപത്തെ കച്ചവടക്കാർ പറയുന്നത്.
ഇന്ത്യയിൽ ക്രൈസ്തവ മതന്യൂനപക്ഷത്തോടുള്ള ശത്രുതയുടെ സമീപകാല പ്രവണതകൾ വർധിച്ച തോതിൽ തുടരുന്നതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷന്‍റെ റിപ്പോർട്ട്. ‘വിശ്വാസം അപകടത്തിൽ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും പരിശോധിക്കുന്നു (2024)’ എന്ന പേരിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023ൽ രേഖപ്പെടുത്തിയ 601 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024ൽ 640 അക്രമ സംഭവങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
‘ശരാശരി നാലോ അഞ്ചോ പള്ളികളോ പാസ്റ്റർമാരോ എല്ലാ ദിവസവും ആക്രമണം നേരിടുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. വിശ്വാസികൾ ആരാധനക്ക് വരുമ്പോൾ എല്ലാ ഞായറാഴ്ചകളിലും ആക്രമണം ഇരട്ടിയാവുന്നു’ എന്ന് ഇ.എഫ്.ഐ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.