ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ വൻ വർധനവെന്ന് റിപ്പോർട്ട്; ഏറ്റവും കൂടുതൽ യു.പിയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന കൃസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയുടെ സമീപകാല പ്രവണതകൾ വർധിച്ച തോതിൽ തുടരുന്നതായി റിപ്പോർട്ട്. 2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ തുടർച്ചയായി വർധിച്ചുവെന്നും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷൻ പറയുന്നു. ‘വിശ്വാസം അപകടത്തിൽ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും പരിശോധിക്കുന്നു (2024)’ എന്ന പേരിലാണ് റിപ്പോർട്ട്.

2023ൽ രേഖപ്പെടുത്തിയ 601 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024ൽ 640 സംഭവങ്ങൾ ഉണ്ടായി. ‘പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ വ്യവസ്ഥാപിതവും സംഘടിതവുമായ പീഡനം കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്’- ഇ.എഫ്.ഐ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ മോണിങ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

‘ശരാശരി നാലോ അഞ്ചോ പള്ളികളോ പാസ്റ്റർമാർക്കോ എല്ലാ ദിവസവും ആക്രമണം നേരിടുന്നു എന്നതാണ് ഞങ്ങളെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. വിശ്വാസികൾ ആരാധനക്ക് വരുമ്പോൾ എല്ലാ ഞായറാഴ്ചകളിലും ആക്രമണങ്ങൾ ഇരട്ടിയാവുന്നുവെന്നും’ വിജയേഷ് ലാൽ പറയുന്നു. 188 പീഡന സംഭവങ്ങളുമായി ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളും.

‘ഞങ്ങൾ ആവശ്യപ്പെടുന്നത് പ്രത്യേക പരിഗണനയല്ല. മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം തുല്യമായി നടപ്പിലാക്കണമെന്നാണ്. എല്ലാ ഇന്ത്യക്കാർക്കും അക്രമവും ഭീഷണിയും കൂടാതെ അവരുടെ വിശ്വാസം ആചരിക്കാൻ കഴിയണം. എല്ലാ സംസ്ഥാന സർക്കാറുകളും നിയമവാഴ്ച നടപ്പിലാക്കാനും മതപരമായ അക്രമത്തിലെ കുറ്റവാളികളെ അവർ ആരായാലും അവർ ഏത് മതപരവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ നിന്നുള്ളവരായാലും നീതിയുടെ മുന്നിൽ കൊണ്ടുവരാനും ഞങ്ങൾ അഭ്യർഥിക്കുന്നു’ - ലാൽ പറഞ്ഞു.

കഴിഞ്ഞ വർഷം നാല് കൊലപാതകങ്ങൾക്ക് പുറമേ 255 ഭീഷണികളും പീഡനങ്ങളും, 129 അറസ്റ്റ് സംഭവങ്ങളും, 76 ശാരീരിക അക്രമ സംഭവങ്ങളും, ലിംഗാധിഷ്ഠിത അക്രമവുമായി ബന്ധപ്പെട്ട 60 സംഭവങ്ങളും, ആരാധനാലയങ്ങൾ തടസ്സപ്പെടുത്തിയ 46 സംഭവങ്ങളും, നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 41 സംഭവങ്ങളും റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരിയിൽ ഏറ്റവും കൂടുതൽ സംഭവങ്ങൾ (71). തുടർന്ന് സെപ്റ്റംബർ (68), മാർച്ച് (64), ഒക്ടോബർ (62) എന്നിങ്ങനെ നടന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതു തെരഞ്ഞെടുപ്പുകൾ നിയന്ത്രണത്തിന് കാരണമായെങ്കിലും പീഡനം തുടർന്നു. ഓരോ മാസവും 45 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

2024 ഫെബ്രുവരി 12ന് ഛത്തീസ്ഗഢ് സംസ്ഥാനത്തെ സുഖ്മ ജില്ലയിൽ, ഗ്രാമവാസികൾ ആയ്തു പൊഡിയാമിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഒരാഴ്ചക്കുള്ളിൽ രണ്ടുതവണ അവരുടെ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗ്രാമ കൗൺസിൽ അവരെ വിളിച്ചുവരുത്തി ഒരു അന്ത്യശാസനം നൽകി. ക്രിസ്തുമതം ഉപേക്ഷിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടുക എന്നതായിരുന്നു അത്. അവർ വിസമ്മതിച്ചപ്പോൾ ഗ്രാമവാസികൾ ക്രൂരമായി മർദിച്ചു. ആയ്തുവിന്റെ പിതാവിനെ ഗുരുതര പരിക്കുകളേൽപിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആക്രമണത്തിൽ കുടുംബം അവരുടെ ഗ്രാമം വിടാൻ നിർബന്ധിതരായി.

Tags:    
News Summary - Report shows increase in anti-Christian incidents in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.