ന്യൂഡൽഹി: ഇന്ത്യ ഇതാദ്യമായി അമേരിക്കയിൽനിന്ന് വൻതോതിൽ യൂറിയ ഇറക്കുമതിചെയ്യുന്നു. അമേരിക്കയിലെ ന്യൂ ഓർലീൻസ് തുറമുഖത്തുനിന്ന് മംഗളൂരുവിലേക്ക് 47,000 ടൺ യൂറിയയാണ് കൊണ്ടുവരുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനാണ് ഇറക്കുമതി കരാർ. ടണ്ണിന് 716.5 ഡോളറാണ് കടത്തുകൂലി അടക്കമുള്ള നിരക്ക്. അമേരിക്ക വലിയ യൂറിയ കയറ്റുമതിക്കാരല്ല. 2019-20ൽ 1.47 ടൺ മാത്രമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.
തൊട്ടടുത്ത വർഷങ്ങളിൽ ഇത് യഥാക്രമം 2.19 ടണ്ണും 43.71 ടണ്ണുമായി വർധിച്ചു. രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് കമ്പനിയാണ് ഇറക്കുമതി ടെൻഡർ നൽകിയത്. വിവിധ യൂറിയ ദാതാക്കളിൽനിന്നായി 16.5 ലക്ഷം ടൺ ഇറക്കുമതി ചെയ്യാനാണ് കരാർ. ആവശ്യമുള്ളതിന്റെ 25 ശതമാനം യൂറിയയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ബാക്കി ആഭ്യന്തര ഉൽപാദനമാണ്. കഴിഞ്ഞ സാമ്പത്തികവർഷം 10.16 ലക്ഷം ടൺ യൂറിയയാണ് ഇറക്കുമതി ചെയ്തത്.
ചൈന, ഒമാൻ, യു.എ.ഇ, ഈജിപ്ത്, യുക്രെയ്ൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നായിരുന്നു ഇത്. യൂറിയയുടെ കാര്യത്തിൽ മറ്റു ദാതാക്കളും ലഭ്യമാണ് എന്ന സന്ദേശം കൈമാറി വിലപേശൽ നടത്തുകയാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ, മറ്റിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് കടത്തുകൂലി, ഇറക്കുമതിക്ക് വേണ്ടിവരുന്ന സമയം എന്നിവ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.