പ്രതീകാത്മക ചിത്രം

വിദേശ ജയിലുകളില്‍ കഴിയുന്നത്​ 8,330 ഇന്ത്യക്കാർ; കൂടുതൽ ഗൾഫ്​ രാജ്യങ്ങളിൽ

ന്യൂഡല്‍ഹി: 8,330 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രി വി.മുരളീധരൻ രാജ്യസഭയിലാണ്​ ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്​. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണുള്ളത്​. ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്ക്​ കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയാണ്​ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

സി.പി.ഐ എം.പി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായാണ്​ കേന്ദ്രമന്ത്രി വിവരങ്ങൾ പങ്കുവച്ചത്​. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരാണുള്ളത്. ഇതിൽ 1,611 തടവുകാരുള്ള യുഎഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഇന്ത്യൻ തടവുകാരുണ്ട്, ഖത്തറിൽ 696 തടവുകാരുണ്ട്.

നേപ്പാളിൽ 1,222 ഇന്ത്യൻ തടവുകാരുണ്ട്. പാക്കിസ്ഥാനിൽ 308 ഇന്ത്യക്കാരും ചൈനയിൽ 178 പേരും തടവിലുണ്ട്​. ബംഗ്ലാദേശിൽ 60 ഉം ശ്രീലങ്കയിൽ 20 ഇന്ത്യൻ തടവുകാരുണ്ട്. ഹോങ്കോങ്​, യു.എ.ഇ, യു.കെ, റഷ്യ, ഇറാൻ, ഖത്തർ എന്നിവയുൾപ്പെടെ 31 രാജ്യങ്ങളുമായി 2018 വരെ ശിക്ഷാവിധിയുള്ളവരെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷമായി പുതിയ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല.

ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ കൈമാറ്റം സംബന്ധിച്ച രണ്ട് കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായാണ്​ കരാറുള്ളത്​. ഈ ഉടമ്പടികളിലൂടെ, അംഗരാജ്യങ്ങളിലെ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അവരുടെ ശേഷിക്കുന്ന ജയിൽ ശിക്ഷ പൂർത്തിയാക്കാൻ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മാറ്റാൻ അഭ്യർഥിക്കാവുന്നതാണ്​.

Tags:    
News Summary - 8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.