കൊച്ചി: കിട്ടാക്കടമായി കണക്കാക്കി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ 15 വർഷത്തിനിടെ എഴുതിത്തള്ളിയത് 9.01 ലക്ഷം കോടി രൂപ. എന്നാൽ ഇതിൽ ഏറ്റവുമധികം തുകയുടെ ആനുകൂല്യം ലഭിച്ച വമ്പൻമാരെക്കുറിച്ച് റിസർവ് ബാങ്കിെൻറ പക്കൽ ഒരു രേഖയുമില്ല.
കിട്ടാക്കടം എഴുതിത്തള്ളി പൊതുമേഖല ബാങ്കുകൾ സഹായിച്ച കോർപറേറ്റ് ഭീമന്മാരുടെ കൂട്ടത്തിൽ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു.
ഏറ്റവും കൂടുതൽ തുക എഴുതിത്തള്ളിയ പത്ത് പേരുടെയോ സ്ഥാപനങ്ങളുടെയോ വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസ് നൽകിയ വിവരാവകാശ ചോദ്യത്തിലാണ് രേഖകൾ ലഭ്യമല്ലെന്ന് റിസർവ് ബാങ്ക് മറുപടി നൽകിയത്. കിട്ടാക്കടം ഇനത്തിൽ ഏറ്റവും കൂടുതൽ തുക എഴുതി തള്ളിയ ആദ്യത്തെ 15 പേരുടെ വിവരം സർക്കാർ നൽകിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിച്ചിരുന്നു.
ഇതിന് പിറകെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട കോർപറേറ്റ് ഭീമന്മാർക്കും സഹായം ലഭിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.
കിട്ടാക്കടം ഇനത്തിൽ രാജ്യത്ത് മൻമോഹൻ സിങ് സർക്കാറിെൻറ പത്ത് വർഷ കാലത്ത് 1.47 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത് എങ്കിൽ മോദി സർക്കാർ 2020 മാർച്ച് 31 മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ മാത്രം 2.54 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. 2015 മുതൽ 2019 വരെയുള്ള ഒന്നാം മോദി സർക്കാറിെൻറ കാലത്ത് എഴുതിത്തള്ളിയ കിട്ടാക്കടം 4.99 ലക്ഷം കോടിയാണ്.
ദരിദ്രരായ ഇന്ത്യൻ നികുതിദായകരുടെ അധ്വാനത്തിെൻറ ഒരോഹരി പലവിധ നികുതി ഇനത്തിൽ പിടിച്ചെടുക്കുന്ന സർക്കാറുകൾ കോടീശ്വരന്മാരായ കോർപറേറ്റുകൾക്ക് വേണ്ടി എഴുതിത്തള്ളുന്നതാണ് ഈ കണക്കിൽ കാണുന്ന പണമെന്ന് ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
സർക്കാറുകൾ, എഴുതിത്തള്ളിയ തുക
• മൻമോഹൻ സിങ് (2005-2014) - 1,47,686 കോടി
• ഒന്നാം മോദി സർക്കാർ (2014-2019) - 4,99,717 കോടി
• രണ്ടാം മോദി സർക്കാർ (2020- 2020) -2,54,024 കോടി
ആകെ - 9,01,427 കോടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.