കണക്കുണ്ട്; ട്രെയിനിൽ വെച്ച് 97 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചെന്ന് കേന്ദ്രം

ന്യഡല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനില്‍ വെച്ച് 97 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. സെപ്തംബര്‍ ഒന്‍പത് വരെയുള്ള കണക്കാണിതെന്നും കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

പാര്‍ലമെന്‍റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഓബ്രിയോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രം. എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി കണക്ക് വ്യക്തമാക്കിയത്. കേന്ദ്രത്തിന്‍റെ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ എത്രപേര്‍ മരിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നാണ് തൃണമൂല്‍ എം.പി ആവശ്യപ്പെട്ടത്.

മരിച്ച 97 പേരില്‍ 87 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. 51 പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളാണ് അതത് സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ ലഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതം, ഹൃദ്രോഗം, ബ്രെയിന്‍ ഹാമറേജ് തുടങ്ങിയ അസുഖങ്ങള്‍ കാരണമാണ് മരണങ്ങള്‍ സംഭവിച്ചതെന്നും ഗോയല്‍ മറുപടി പറഞ്ഞു.

കോവിഡിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളൊന്നും സർക്കാറിന്‍റെ പക്കലില്ലെന്ന് ലോക്‌സഭയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഉത്തരം നൽകിയത്.

ലോക്ഡൗൺ കാലയളവിൽ തൊഴിലാളികലെ നാട്ടിലെത്തിക്കാനായി 4621 ട്രെയിനുകളാണ് മെയ് 1 മുതൽ ഓടിയത്. 6,319000 ആളുകളെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാൻ ട്രെയിൻ സർവീസിന് കഴിഞ്ഞുവെന്നും റെയിൽവെ മന്ത്രി അറിയിച്ചു.

മെയ് 1നാണ് ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ശ്രമിക് ട്രെയിനുകളുടെ സേവനം ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.