ഭോപ്പാൽ: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ 2019 മുതൽ 2021 വരെയുള്ള മൂന്നുവർഷത്തിനിടെ 99,119 സ്ത്രീകളെ കാണാതായതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട്. ഈ കാലയളവിൽ പ്രായപൂർത്തിയാകാത്ത 25,209 കുട്ടികളെയും കാണാതായി. ഇവരിൽ 2,830 പെൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കാണാതായ 99,119 സ്ത്രീകളിൽ 47 ശതമാനം പേർ എവിടെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പകുതിയിലേറെയും പേരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതായാണ് സൂചന. 36000 സ്ത്രീകളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കുട്ടികളെ കാണാതാവുന്നതും തിരികെ കൊണ്ടുവരാൻ കഴിയാത്തതും വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു (CRY) സി.ഇ.ഒ പൂജ മർവാഹ പറഞ്ഞു.
കേരളത്തിൽ സ്ത്രീകളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നുവെന്ന് കുപ്രചരണം നടത്തുന്ന വിദ്വേഷസിനിമയായ ‘ദ കേരള സ്റ്റോറി’ക്ക് നികുതിയിളവ് നൽകിയ സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാൽ, ഇതേ കാലയളവിൽ 2,837 പെൺകുട്ടികൾ ഉൾപ്പെടെ ആകെ 24,258 മിസ്സിംഗ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 90 ശതമാനത്തിലേറെ പേരെ കണ്ടെത്തി തിരികെ കൊണ്ടുവന്നിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ടനുസരിച്ച് 2021ൽ കേരളത്തിൽ 366 സ്ത്രീകളെയും 32 പ്രായപൂർത്തിയാകാത്ത കുട്ടികളെയുമാണ് കണ്ടെത്താനുള്ളത്. എന്നാൽ, മധ്യപ്രദേശിൽ 36,000ത്തിലധികം സ്ത്രീകളും കുട്ടികളും കാണാമറയത്താണ്.
വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ക്ക് ആദ്യം ഒരു മാസത്തേക്ക് നികുതി ഇളവ് നൽകിയ മധ്യപ്രദേശ് സർക്കാർ, അഞ്ച് ദിവസത്തിനുള്ളിൽ അത് പിൻവലിച്ചിരുന്നു. വിവാദമായതോടെ വീണ്ടും പുനഃസ്ഥാപിച്ചു. “ലൗ ജിഹാദിന്റെ കെണിയിൽ അകപ്പെടുന്ന (പെൺമക്കളുടെ) ജീവിതം എങ്ങനെ നശിപ്പിക്കപ്പെടുന്നുവെന്ന് സിനിമ കാണിക്കുന്നു. നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഞങ്ങൾ ഇതിനകം നിയമം കൊണ്ടുവന്നിട്ടുണ്ട്. സിനിമ ഈ വിഷയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നു. ഈ സിനിമ മാതാപിതാക്കളും പെൺകുട്ടികളും കാണേണ്ടതാണ്. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ സിനിമയ്ക്ക് നികുതി രഹിതമായി പ്രഖ്യാപിക്കുന്നത്’ എന്നായിരുന്നു സിനിമയെകുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അഭിപ്രായപ്പെട്ടത്. എന്നാൽ, തെന്റ സംസ്ഥാനത്ത് നിന്ന് കാണാതായ ഒരുലക്ഷത്തോളം സ്ത്രീകളെയും 25,000ത്തിലേറെ കുട്ടികളെയും കുറിച്ച് ഇദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തിൽ അഞ്ച് വർഷത്തിനിടെ 40,000 സ്ത്രീകളെ കാണാതായതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എൻ.സി.ആർ.ബി കണക്കുകൾ പ്രകാരം 2016-ൽ 7,105, 2017-ൽ 7,712, 2018-ൽ 9,246, 2019-ൽ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്. 2020ൽ 8,290 സ്ത്രീകളെ കാണാതായി. ആകെ സംഖ്യ 41,621 ആയി.
2021-ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 2019-20 വർഷത്തിൽ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് വർഷത്തെ കണക്കാണ് എൻ.സി.ആർ.ബി പുറത്ത് വിട്ടിരിക്കുന്നത്.
കാണാതായ സ്ത്രീകളിൽ പലരെയും മറ്റു സംസ്ഥാനങ്ങളിലേക്ക‍് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്ക്കപ്പെടുകയാണെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു. `കാണാതായവരുടെ കേസുകൾ ഗൗരവമായി പരിഗണിക്കാത്തതാണ് പൊലീസ് സംവിധാനത്തിന്റെ പ്രശ്നം. കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. കാരണം, ഒരു കുട്ടിയെ കാണാതാവുമ്പോൾ, മാതാപിതാക്കൾ വർഷങ്ങളോളം അവരുടെ കുട്ടിക്കായി കാത്തിരിക്കുന്നു, കാണാതായ കേസ് ഒരു കൊലപാതക കേസ് പോലെ തന്നെ കർശനമായി അന്വേഷിക്കണമെന്നും' അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കേരളത്തിലെ സ്ത്രീകളെക്കുറിച്ച് വാചാലരാകുമ്പോൾ ഗുജറാത്തിൽ കാണാതായ 40,000-ത്തിലേറെ സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടാണ് ഗുജറാത്തെന്നും അദ്ദേഹം ബി.ജെ.പി നേതാക്കളെ ഓർമിപ്പിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കേരളത്തെപ്പറ്റി വസ്തുതാ വിരുദ്ധ പ്രചാരണം നടത്തുന്ന ദി കേരള സ്റ്റോറി എന്ന സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.